മഞ്ചേരിയിൽ വൻ രാസലഹരിവേട്ട; നാലുപേർ പിടിയിൽ

മഞ്ചേരി: മഞ്ചേരി പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽനിന്നായി 50 ഗ്രാമോളം എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ. കാറിൽ എം.ഡി.എം.എ വിൽപന നടത്തുകയായിരുന്ന എടക്കര കക്കപ്പരത സ്വദേശി പാലശ്ശേരി വീട്ടിൽ പ്രകാശിനെ (39) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്ക് മുൻവശത്തുനിന്നാണ് പിടികൂടിയത്.
ഇയാളിൽനിന്ന് വിൽപനക്ക് കൊണ്ടുവന്ന 4.30 ഗ്രാം എം.ഡി.എം.എ പിടികൂടി. മഞ്ചേരിയിലെ സ്വകാര്യ ലോഡ്ജ് നടത്തിപ്പുകാരനാണ് പിടിയിലായ പ്രതി. മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലിൽ നടത്തിയ പരിശോധനയിൽ ബൊലീറോ വാഹനത്തിൽ കടത്തുകയായിരുന്ന 43 ഗ്രാം എം.ഡി.എം.എയുമായി മമ്പാട് ഓടായിക്കൽ സ്വദേശി മേത്തലയിൽ വീട്ടിൽ ഷുഹൈബ് (32), പന്തല്ലൂർ കടമ്പോട് സ്വദേശി ആലുങ്ങൽ വീട്ടിൽ അബ്ദുൽ നാസർ (47), വാണിയമ്പലം തച്ചങ്കോട് സ്വദേശി തേനാരി വീട്ടിൽ സാജിദ് (31) എന്നിവരാണ് പിടിയിലായത്.
ഇലക്ട്രോണിക് ത്രാസുകളും 85,000 രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. പിടിയിലായ ഷുഹൈബിന് നിലമ്പൂർ, പെരിന്തൽമണ്ണ സ്റ്റേഷനുകളിൽ ലഹരിക്കേസ് നിലവിലുണ്ട്. വ്യാഴാഴ്ച രാത്രി ജില്ല പൊലിസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സിബി, മലപ്പുറം ഡിവൈ.എസ്.പി പ്രേമാനന്തകൃഷ്ണൻ, എസ്.ഐ ജസ്റ്റിൻ, എസ്.എസ്. വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം, പെരിന്തൽമണ്ണ, കൊണ്ടോട്ടി ഡാൻസാഫ് ടീം അംഗങ്ങളും മഞ്ചേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
