കലോത്സവ നഗരിയിലെ വെറൈറ്റി ലോട്ടറി വിൽപ്പനക്കാരി
തൃശൂർ: കലോത്സവ നഗരിയിലെ വെറൈറ്റി ലോട്ടറി വിൽപ്പനക്കാരിയെ ശ്രദ്ധിക്കാതെ പോയവർ ചുരുക്കമായിരിക്കും. തന്‍റെ വേഷവിദാനം കൊണ്ട് ആളുകളിൽ ചിരിയും ചിന്തയും പടർത്തുകയാണ് ഗുരുവായൂർ സ്വദേശി മായാദേവി.
17 വർഷമായി ലോട്ടറി വിൽപ്പന നടത്തുകയാണെങ്കിലും കൊറോണ കാലത്തിനു ശേഷമാണ് മായാദേവി വേഷത്തിലെ ഈ വ്യത്യസ്തത പരീക്ഷിച്ചു തുടങ്ങിയത്. ലഹരിക്കെതിരെ കൗമാരക്കാരെ ബോധവൽക്കരിക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.
സന്തോഷത്തെ പ്രതിനിധാനം ചെയ്യുന്ന നിറമായതിനാലാണ് പച്ച വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ മായാദേവി തീരുമാനിച്ചത്. സൗഹൃദത്തിലൂടെയും ചോദ്യങ്ങളിലൂടെയും പുസ്തകരൂപത്തിലുള്ള സമ്മാനങ്ങളിലൂടെയുമാണ് മായാദേവി ലഹരിക്കെതിരെ കൗമാരക്കാരിൽ ജാഗ്രത സൃഷ്ടിക്കുന്നത്.
കലോത്സവത്തിനു മാത്രമല്ല, ഓണം ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിലും പല വേഷങ്ങളിൽ ആളുകളിൽ ചിരി പടർത്തി മായാദേവി തന്‍റെ ഉപജീവനം വർണശഭളമാക്കുന്നുണ്ട്.
