ഖത്തറിൽ സർക്കാർ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും മെഗാ ലേലം
ദോഹ: ഖത്തറിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഉപയോഗിച്ച് ഡീകമ്മീഷൻ ചെയ്ത വാഹനങ്ങളും ഉപകരണങ്ങളും ലേലത്തിൽ സ്വന്തമാക്കാൻ അവസരം. ഖത്തർ ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവുമാണ് ഈ ലേലം സംഘടിപ്പിക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലം ഈ മാസം 16-നും ആഭ്യന്തര മന്ത്രാലയത്തിന്റെ ലേലം 22-നും ആരംഭിക്കും.auction
ആഭ്യന്തര മന്ത്രാലയത്തിന്റെ ലേലം:
ആഭ്യന്തര മന്ത്രാലയം ഉപയോഗിച്ച് ഡി-രജിസ്റ്റർ ചെയ്ത കാറുകൾ, ബൈക്കുകൾ, അവയുടെ സ്പെയർ പാർട്സുകൾ എന്നിവയാണ് ലേലത്തിലുള്ളത്. ജൂൺ 22-ന് ആരംഭിക്കുന്ന ലേലം വാഹനങ്ങൾ പൂർണ്ണമായും വിറ്റഴിയുന്നത് വരെ തുടരും. വൈകുന്നേരം 4 മുതൽ 8 വരെയാണ് ലേല സമയം.
ലേലം നടക്കുന്ന സ്ഥലം: ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ ഒന്നിൽ, വർക്ക്ഷോപ്സ് ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന് സമീപം.
വാഹനങ്ങൾ നേരിട്ട് കണ്ട് പരിശോധിക്കുന്നതിനുള്ള സൗകര്യം ജൂൺ 17 മുതൽ 19 വരെ വൈകുന്നേരം 4 മുതൽ 6 വരെ ലഭ്യമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ 3000 റിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവയ്ക്കണം. ലേലത്തിൽ വാഹനം ലഭിക്കുകയാണെങ്കിൽ, തുക 15000 റിയാലിന് മുകളിലാണെങ്കിൽ 30% തുകയും, 15000 റിയാലിന് താഴെയാണെങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ അടയ്ക്കണം.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലം:
ഹെവി വാഹനങ്ങൾ ഉൾപ്പെടെ 288 വാഹനങ്ങളാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലത്തിലുള്ളത്. അൽ വക്ര മുനിസിപ്പാലിറ്റി തിയേറ്ററിൽ ജൂൺ 16-ന് ആരംഭിക്കുന്ന ഈ ലേലം വ്യാഴാഴ്ച വരെ തുടരും. ഉച്ചകഴിഞ്ഞ് 3 മുതലാണ് ലേല നടപടികൾ ആരംഭിക്കുന്നത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലത്തിൽ വിജയിക്കുന്നവർ ലേല തുകയുടെ 20% ഇലക്ട്രോണിക് പേയ്മെന്റ് വഴി നിക്ഷേപമായി നൽകണം. ബാക്കി തുക വിൽപ്പന തീയതി മുതൽ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അടയ്ക്കണം.
വാഹനങ്ങൾ പരിശോധിക്കുന്നതിനുള്ള സൗകര്യം വാദി അബ സലീൽ ഏരിയയിലെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെഹിക്കിൾ കളക്ഷൻ യാർഡിൽ ലേലമുള്ള എല്ലാ ദിവസവും രാവിലെ 8 മുതൽ 11 വരെ ലഭ്യമാണ്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലത്തിൽ കാറുകളോ ബൈക്കുകളോ ഉൾപ്പെടില്ല.