മേഘാലയ പ്രിൻസിപ്പൽ സെക്രട്ടറി ഉസ്ബെക്കിസ്ഥാനിലെ ഹോട്ടലിൽ മരിച്ച നിലയിൽ
താഷ്കന്‍റ്: മേഘാലയ പ്രിൻസിപ്പൽ സെക്രട്ടറി സയിദ് മുഹമ്മദ് റാസിയെ ഉസ്ബെക്കിസ്ഥാനിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ സന്ദര്‍ശനത്തിനായി ഉസ്ബെക്കിസ്ഥാനിലെത്തിയതായിരുന്നു റാസി. ചൊവ്വാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.Meghalaya
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഉസ്ബെക്കിസ്ഥാനിലെ ബുഖാറ നഗരത്തിലായിരുന്നു റാസി. തിങ്കളാഴ്ച രാവിലെ റാസിയെ വിളിച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും പിന്നീട് ഹോട്ടൽ ജീവനക്കാർ മുറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയതെന്നും ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും റാസിയുടെ ഭാര്യ ബുഖാറയിലേക്കുള്ള യാത്രയിലാണെന്നും മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ പിടിഐയോട് പറഞ്ഞു.
”റാസിയുടെ അകാല വിയോഗത്തെക്കുറിച്ച് കേട്ടപ്പോൾ അതിയായ വേദന തോന്നി.റാസിയുടെ അവിശ്വസനീയമായ കാര്യക്ഷമതയും അചഞ്ചലമായ സമർപ്പണവും അദ്ദേഹം കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളിലും പ്രകടമായിരുന്നു, കൂടാതെ അദ്ദേഹം എല്ലായ്‌പ്പോഴും ഓരോ ജോലിയും അര്‍പ്പണ ബോധത്തോടെ ഏറ്റെടുത്തു” സാങ്മ എക്സിൽ കുറിച്ചു.