പശ്ചിമേഷ്യൻ പ്രതിസന്ധി; പ്രവാസി വോട്ട് കുത്തനെ കുറയും



മലപ്പുറം: നാട്ടുകാരോടൊപ്പം തെരഞ്ഞെടുപ്പ് ആവേശത്തിന്റെ വീറും വാശിയും നിലനിർത്തുന്ന പ്രവാസികളുടെ നാട്ടിലേക്കുള്ള വരവ് പ്രതിസന്ധിയിലായതിനാൽ പ്രവാസി വോട്ടിൽ ഇത്തവണ ഗണ്യമായ കുറവുണ്ടാകും. പ്രവാസി വോട്ട് പോൾ ചെയ്യാത്തത് പല മണ്ഡലങ്ങളിലും ജയപരാജയങ്ങളെ നിർണയിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ചാർട്ടേഡ് വിമാനങ്ങളിലും മറ്റുമായി പ്രവാസികളെത്തിയതാണ് നേരിയ ആശ്വാസം.

ഇറാനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനം ബുധനാഴ്ച രാവിലെ വന്നെങ്കിലും പോളിങ്ങിന്റെ മണിക്കൂറുകൾക്ക് മുമ്പ് മാത്രമായതിനാൽ പല പ്രവാസികൾക്കും വോട്ടിന് എത്താൻ കഴിയില്ല. സംഘർഷം ഏറെ നീളില്ലെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കളും സ്ഥാനാർഥികളും. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തിട്ടും സമാധാനാന്തരീക്ഷം പുലർന്നില്ല. തുടർന്ന്, കടുത്ത മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിലെങ്കിലും എന്ത് വിലകൊടുത്തും പ്രവാസികളെ എത്തിക്കാനുള്ള ശ്രമങ്ങളുണ്ടായി.

ഇതേ തുടർന്നാണ് കെ.എം.സി.സി, ഒ.ഐ.സി.സി, പ്രവാസി വെൽഫെയർ തുടങ്ങിയ പ്രവാസി സംഘടനകളുടെ കീഴിൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരെ നാട്ടിലെത്തിച്ചത്. എന്നാൽ, മുൻ തെരഞ്ഞെടുപ്പുകളിൽ ഏർപ്പെടുത്തിയിരുന്നതിന്റെ പകുതി ചാർട്ടേഡ് വിമാനങ്ങൾ പോലും ഇത്തവണയില്ല. യുദ്ധത്തെ തുടർന്ന് വിമാന ടിക്കറ്റ് നിരക്കിൽ അടിക്കടിയുണ്ടായ വൻ വർധനയും പല വിമാനകമ്പനികളും സർവിസ് നിർത്തിവെക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തതുമാണ് പ്രതിസന്ധി വർധിപ്പിച്ചത്.