കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനത്തിന് മന്ത്രി കെ.ബി ഗണേഷ് കുമാർ ഇടപെട്ടു: ജ്യോതികുമാർ ചാമക്കാല

Ganesh Kumar

കോഴിക്കോട്: കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനത്തിന് മന്ത്രി കെ.ബി ഗണേഷ് കുമാർ ഇടപെട്ടെന്ന് കോൺഗ്രസ് വക്താവ് ജ്യോതികുമാർ ചാമക്കാല. ഷെറിന്റെ മോചനത്തിന് ഉന്നത ഇടപെടലുണ്ടായി എന്ന് നേരത്തെ തന്നെ ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ മന്ത്രി ആരാണെന്ന് ആരും പറയുന്നില്ല. അത് കെ.ബി ഗണേഷ് കുമാറാണ്. ഷെറിന്റെ മോചനത്തിനായി കെ.ബി ഗണേഷ് കുമാറിന്റെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്ന് ജ്യോതികുമാർ പറഞ്ഞു. മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലായിരുന്നു ജ്യോതികുമാർ ചാമക്കാല ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്.Ganesh Kumar

 

ജയിൽ ഉപദേശകസമിതിയുടെ ശിപാർശ പ്രകാരമാണ് ഷെറിനെ വിട്ടയക്കാൻ തീരുമാനിച്ചത് എന്നാണ് സർക്കാർ പറയുന്നത്. അത്തരത്തിൽ ജയിൽ ഉപദേശകസമിതി നിരവധി ശിപാർശ നൽകിയിട്ടുണ്ട്. വർഷങ്ങളായി പഴക്കമുള്ള ശിപാർശകൾ സർക്കാരിന് മുന്നിലുണ്ട്. ഇതിൽ എത്ര ശിപാർശകൾ നടപ്പാക്കിയെന്ന് സർക്കാർ പറയണം. ഷെറിൻ ജയിൽ ജീവനക്കാരോട് മോശമായി പെരുമാറിയതടക്കം ജയിൽ ജീവിതത്തിൽ അവർക്കെതിരെ നിരവധി പരാതികളുണ്ട്. അതൊന്നും പരിഗണിക്കാതെയാണ് സർക്കാർ അവരെ വിട്ടയക്കാൻ തീരുമാനിച്ചത്. ഇത്തരം പരാതികൾ സംബന്ധിച്ച് വിശദീകരിക്കാൻ സർക്കാർ തയ്യാറാവാണമെന്നും ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു.

പരോളിലിറങ്ങുന്ന പ്രതി അവർ താമസിക്കുന്നത് ഏത് പൊലീസ് സ്റ്റേഷൻ പരിധിയിലാണോ അവിടെപ്പോയി ദിവസവും ഒപ്പിടണം. പത്തനാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഷെറിൻ താമസിക്കുന്നത്. ഷെറിൻ പരോളിൽ ഇറങ്ങിയപ്പോഴെല്ലാം അവരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോവുന്നത് ഗണേഷ് കുമാറിന്റെ സന്തത സഹചാരിയായ കോട്ടവട്ടം പ്രദീപാണ്. ഒരുമിച്ച് ഒരു കാറിൽ ചെന്ന് ഒപ്പിട്ട് ആരോടും സംസാരിക്കാൻ അനുവദിക്കാതെ തിരിച്ചുകൊണ്ടുപോവുമെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു.

താൻ ഈ ആരോപണം ഉന്നയിച്ചിട്ട് 48 മണിക്കൂർ പിന്നിട്ടു. എന്നിട്ട് ഒരു വാക്ക് പോലും പ്രതികരിക്കാൻ മന്ത്രി തയ്യാറാവാത്തത് എന്തുകൊണ്ടാണ്? തന്റെ ആരോപണം വ്യാജമാണെങ്കിൽ കേസെടുക്കാൻ തയ്യാറാവണം. ഷെറിൻ ആരുടെ കൂടെയാണ് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്താറുള്ളതെന്ന് പൊലീസ് സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാൽ വ്യക്തമാവുമെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *