‘ലിന്റോ ജോസഫിന്റെ നടപ്പിലെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിൽ അത് അപമാനമല്ല, അപരസ്നേഹത്തിന്റെ ഉദാത്തമായ അടയാളമാണ്’; പരിഹാസ ഫേസ്ബുക്ക് കമന്റിൽ പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ ശാരീരിക ബുദ്ധിമുട്ടിനെ പരിഹസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കമന്റിനോട് രൂക്ഷമായി പ്രതികരിച്ച് മന്ത്രി വി. ശിവൻ കുട്ടി. വിയോജിപ്പുകൾ ആകാമെന്നും എന്നാൽ, മനുഷ്യത്വം മരവിച്ചുപോകരുതെന്നും സഹജീവി സ്നേഹം എന്താണെന്ന് അറിയാത്തവർക്ക് മാത്രമേ ഇത്തരത്തിൽ ക്രൂരമായി പരിഹസിക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
മനുഷ്യത്വം എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്ന ലിന്റോ ജോസഫിനൊപ്പമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ലിന്റോ ജോസഫിന്റെ കാലിനു സംഭവിച്ച അപകടവും ശിവൻകുട്ടി വിശദീകരിച്ചു.
‘മുസ്‍ലിം ലീഗ് പ്രവർത്തകൻ ഇട്ട ഫേസ്ബുക്ക് കമന്റ് ശ്രദ്ധയിൽപ്പെട്ടു. രാഷ്ട്രീയ വിയോജിപ്പുകൾ ആകാം, പക്ഷേ മനുഷ്യത്വം മരവിച്ചു പോകരുത്. സഹജീവി സ്നേഹം എന്താണെന്ന് അറിയാത്തവർക്ക് മാത്രമേ ഇത്തരത്തിൽ ക്രൂരമായി പരിഹസിക്കാൻ കഴിയൂ. ആരോഗ്യമുള്ള ശരീരവും മൈതാനങ്ങളിൽ കുതിച്ചു പായുന്ന വേഗതയുമുള്ള ഒരു മികച്ച കായികതാരമായിരുന്നു ഒരു കാലത്ത് ലിന്റോ. ആ കാലുകൾക്ക് എങ്ങനെയാണ് വേഗത കുറഞ്ഞതെന്ന് മനസിലാക്കാൻ പരിഹാസവുമായി ഇറങ്ങിയവർ ഒന്ന് ചരിത്രം അന്വേഷിക്കുന്നത് നന്നായിരിക്കും.
ഒരു പെരുന്നാൾ ദിനമായിരുന്നു അത്. അതീവ ഗുരുതരാവസ്ഥയിലായ ബിജു എന്ന ചെറുപ്പക്കാരനെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കണം. അവധി ദിനമായതുകൊണ്ട് ആംബുലൻസ് ഓടിക്കാൻ ഡ്രൈവറെ കിട്ടിയില്ല. മറ്റൊന്നും ആലോചിക്കാതെ, സഹജീവിയുടെ ജീവൻ രക്ഷിക്കാൻ ലിന്റോ ഡ്രൈവിങ് സീറ്റിലേക്ക് കയറുകയായിരുന്നു.
അന്ന് ആ യാത്രക്കിടയിൽ എതിരെ വന്ന ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് സഖാവിന് ഗുരുതരമായി പരുക്കേറ്റത്. സ്വന്തം ജീവിതം പോലും നോക്കാതെ, മറ്റൊരു ജീവൻ രക്ഷിക്കാൻ നടത്തിയ പോരാട്ടത്തിൽ കിട്ടിയ മുറിപ്പാടുകളാണത്.
അതുകൊണ്ട് ലീഗ് അണികൾ ഓർക്കുക. ലിന്റോ ജോസഫിന്റെ നടപ്പിലെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിൽ അത് അപമാനമല്ല, അപരസ്നേഹത്തിന്റെ ഉദാത്തമായ അടയാളമാണത്. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഒരാളുടെ ശാരീരിക അവശതയെ ആയുധമാക്കുന്നത് അങ്ങേയറ്റം നീചമായ സംസ്കാരമാണ്. വേട്ടമൃഗങ്ങളുടെ മനോഭാവത്തോടെയുള്ള ഇത്തരം അധിക്ഷേപങ്ങളിൽ കെട്ടുപോകുന്ന വെളിച്ചമല്ല ലിന്റോ ജോസഫ് എന്ന പോരാളി. മനുഷ്യത്വം എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്ന ലിന്റോ ജോസഫിനൊപ്പമാണ് കേരളം’- മന്ത്രി വ്യക്തമാക്കി.
വിഷയത്തിൽ ഡിവൈ എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫും പോസ്റ്റ് പങ്കുവെച്ചു. അപര സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ലിന്റോ. മുസ്‍ലിം ലീഗിന്റെ വേട്ടമൃഗങ്ങളുടെ അധിക്ഷേപത്തിൽ കെട്ടു പോകുന്ന വെളിച്ചമല്ല അദ്ദേഹം എന്നും വസീഫ് കുറിച്ചു.
