നൊബേൽ പുരസ്‌കാര പരിഗണനയിൽ മോദി; വാർത്ത വ്യാജം
നൊബേൽ പുരസ്‌കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്‌ലേ തോജെയെ ഉദ്ധരിച്ചായിരുന്നു മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പരിഗണിക്കുന്നു എന്നായിരുന്നു വ്യാഴാഴ്ച രാവിലെ വന്ന ഒരു പ്രധാനവാർത്ത. നൊബേൽ പുരസ്‌കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്‌ലേ തോജെയെ ഉദ്ധരിച്ചായിരുന്നു മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സമ്പന്നവും സ്വാധീനശക്തിയുമുള്ള രാജ്യമായി മാറിയെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തോജെ പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്.
തോജെ ഇന്നലെ പറഞ്ഞത്:
ഇന്ത്യയുടെ ഇടപെടൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ റഷ്യയെ ബോധ്യപ്പെടുത്താൻ സഹായിച്ചു. ഇന്ത്യ ഒരിക്കലും ഉറക്കെ സംസാരിക്കുകയോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ല. വളരെ സൗഹൃദത്തിൽ അവരുടെ നിലപാട് വ്യക്തമാക്കുന്നു. ഈ രീതിയാണ് ലോകരാഷ്ട്രീയത്തിൽ എല്ലാവരും പിന്തുടരേണ്ടത്. ഇന്ത്യ മനുഷ്യകുലത്തിന് പ്രതീക്ഷയാണ്. ഇന്ത്യക്ക് വളരെ ആഴത്തിലുള്ള തത്വശാസ്ത്ര ഉൾക്കാഴ്ചയും ചരിത്രവുമുണ്ട്. ഇന്ത്യയുടെ ശക്തി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും ചൈനയും ലോകത്തെ വൻശക്തികളായി മാറാൻ പോവുകയാണ്.
ലോകത്തെ ഏത് നേതാവിനും നൊബേൽ പുരസ്‌കാരത്തിനായി ആഗ്രഹിക്കാം. ഏതൊരു നേതാവും ലോകത്തിന്റെ സമാധാനത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. പ്രവൃത്തിയാണ് ആദ്യം നടക്കേണ്ടത്, ലോകം പിന്നാലെ വരും.
ഇന്ന് എ.എൻ.ഐയോട് പറഞ്ഞത്:
ഞാൻ നൊബേൽ കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡറാണ്. എന്റെ പേരിൽ ഒരു വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. വ്യാജ വാർത്തകളെ അങ്ങനെത്തന്നെ കാണണം. അതിനെക്കുറിച്ച് അനാവശ്യമായി ചർച്ച ചെയ്യരുത്. അതിന് ഊർജം പകരുന്ന ഒന്നും ചെയ്യരുത്. ആ ട്വീറ്റിൽ പറയുന്നത് ഞാൻ നിഷേധിക്കുന്നു. അങ്ങനെയൊരു കാര്യം ഞാൻ പറഞ്ഞിട്ടില്ല.
ദേശീയ മാധ്യമങ്ങളടക്കം മോദിക്ക് നൊബേൽ ലഭിക്കുമെന്ന് തോജെ പറഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിഷേധിച്ച് രംഗത്തെത്തിയത്. അതേസമയം അദ്ദേഹം നിഷേധിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ ട്വീറ്റ് ചെയ്യാത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്.
ഈ വർഷം ഒക്ടോബർ രണ്ടു മുതൽ ഒമ്പത് വരെയാണ് വിവിധ നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. എല്ലാ പ്രഖ്യാപനവും nobelprize.org എന്ന വെബ്‌സൈറ്റിലൂടെ തത്സമയം കാണാം. ഒക്ടോബർ ആറിനാണ് സമാധാന നൊബേൽ പ്രഖ്യാപനം. ബെലാറസിൽ നിന്നുള്ള അഭിഭാഷകൻ അലെസ് ബിയാലെറ്റ്‌സ്‌കി, യുക്രൈൻ മനുഷ്യാവകാശ സംഘടന മെമ്മോറിയൽ, യുക്രൈൻ മനുഷ്യാവകാശ സംഘടന സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷത്തെ സമാധാന നൊബേൽ.