പ്രവചനം പൊളിഞ്ഞു, നാണംകെട്ടു; ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പുതിയ വിവാദവുമായി മുഹമ്മദ് ആമിർ

കൊൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ വിവാദ പരാമർശങ്ങളുമായി മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിർ. വിൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മെയറുടെ പുറത്താകൽ സംശയാസ്പദമാണെന്നും, താരം ക്രീസിൽ തുടർന്നിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്നുവെന്നുമാണ് ആമിറിന്റെ വിചിത്ര വാദം. പാക് ടിവി ചാനലായ ‘ഹാർനാ മനാ ഹേ’യിലെ ചർച്ചയ്ക്കിടയിലായിരുന്നു ആമിറിന്റെ ഈ പരാമർശം.

വെടിക്കെട്ട് ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ഹെറ്റ്‌മെയറെ (11 പന്തിൽ 27) പന്ത്രണ്ടാം ഓവറിൽ ജസ്പ്രീത് ബുംറയുടെ പന്തിൽ സഞ്ജു സാംസൺ ക്യാച്ചെടുത്ത് പുറത്താക്കിയതാണ് ആമിറിനെ ചൊടിപ്പിച്ചത്. പന്ത് ബാറ്റിലുരസിയതിനെ തുടർന്ന് അമ്പയർ ക്രിസ് ഗഫാനി ഔട്ട് വിധിച്ചെങ്കിലും ഹെറ്റ്‌മെയർ റിവ്യൂ നൽകി. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ തട്ടിയെന്ന് വ്യക്തമായതോടെ തേർഡ് അമ്പയറും ഔട്ട് ശരിവെക്കുകയായിരുന്നു. എന്നാൽ ഹെറ്റ്‌മെയർ ഔട്ടല്ലെന്നാണ് ആമിർ വാദിക്കുന്നത്. “ഹെറ്റ്‌മെയറുടെ വിക്കറ്റ് വിവാദപരമാണ്. അവൻ ഔട്ടല്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം. അവൻ കുറച്ചുനേരം കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ വിൻഡീസ് സ്കോർ 220-230 എത്തുമായിരുന്നു. അങ്ങനെയാണെങ്കിൽ ഇന്ത്യ ഇന്ന് ലോകകപ്പിൽ നിന്ന് പുറത്തായേനെ” – ആമിർ പറഞ്ഞു.

ടൂർണമെന്റിന് മുൻപേ ഇന്ത്യ സെമിയിലെത്തില്ലെന്ന് പ്രവചിച്ചിരുന്ന ആമിർ, തന്റെ വാദം പൊളിഞ്ഞിട്ടും ഇന്ത്യയെ വിമർശിക്കുന്നത് തുടരുകയാണ്. ഇന്ത്യ കിരീടം നേടാൻ സാധ്യതയില്ലെന്നും, ടീമിന്റെ ഫീൽഡിങ്ങും ബൗളിങ്ങും മോശമാണെന്നും ആമിർ പറഞ്ഞു. “ഒരു ശുദ്ധമായ ക്രിക്കറ്റ് വീക്ഷണത്തിൽ നോക്കിയാൽ, ഇന്ത്യ മികച്ച ക്രിക്കറ്റല്ല കളിക്കുന്നത്. അവർ മൂന്നോ നാലോ ക്യാച്ചുകൾ നിലത്തിട്ടു. ബുംറയൊഴികെ മറ്റെല്ലാ ബൗളർമാരും തല്ലുവാങ്ങുകയാണ്. ഹാർദിക് പാണ്ഡ്യ വലിയ ടീമുകൾക്കെതിരെ നന്നായി കളിക്കില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. വരുൺ ചക്രവർത്തിയും റൺസ് വഴങ്ങി. വരാനിരിക്കുന്ന എതിരാളികൾ വിൻഡീസിനേക്കാൾ നന്നായി സ്പിൻ കളിക്കുന്നവരാണ്. ഇന്ത്യ ഇത്തവണ കിരീടം നേടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല” – ആമിർ കൂട്ടിച്ചേർത്തു.

ടൂർണമെന്റിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് അംഗീകരിക്കാൻ തയ്യാറാകാത്ത ആമിറിന്റെ വാക്കുകൾക്കെതിരെ ഇന്ത്യൻ ആരാധകർ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. വ്യക്തമായ ഔട്ടിനെ സംശയാസ്പദമെന്ന് വിളിക്കുന്ന ആമിർ പ്രവചനം തെറ്റിയതിന്റെ നിരാശയിലാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.