70 വര്‍ഷത്തിനിടെ പീഡനത്തിന് ഇരയായത് 4,000ത്തിലധികം കുട്ടികള്‍; പോര്‍ച്ചുഗല്‍ കത്തോലിക്ക സഭയിലെ ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

 

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ കത്തോലിക്ക സഭയുടെ ക്രൂരതകള്‍ വെളിവാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഏഴ് ദശാബ്ദങ്ങള്‍ക്കിടെ 4,000ത്തോളം കുട്ടികള്‍ പുരോഹിതന്‍മാരില്‍ നിന്നും സഭയിലെ വിവിധ സ്ഥാപനങ്ങളിലുമായി പീഡനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ട്. ഈ കണ്ടെത്തലുകള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിനായി പോർച്ചുഗീസ് എപ്പിസ്‌കോപ്പൽ കോൺഫറൻസാണ് കമ്മീഷനെ നിയോഗിച്ചത്.

“കുട്ടിക്കാലത്ത് ദുരുപയോഗത്തിന് ഇരയായവര്‍ക്കും പിന്നീട് അതേക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യം കാണിച്ചവര്‍ക്കും ആത്മാര്‍ഥമായി ആദരവ് അറിയിക്കുന്നുവെന്ന്” കമ്മീഷന്‍ അധ്യക്ഷയും ചൈൽഡ് സൈക്യാട്രിസ്റ്റുമായ പെഡ്രോ സ്ട്രെക്റ്റ് പറഞ്ഞു. മിക്ക കുറ്റവാളികളും പുരുഷന്‍മാരാണ്.അതുപോലെ ഇരകളില്‍ പുരുഷന്മാരായിരുന്നു. കത്തോലിക്കാ സ്കൂളുകൾ, പള്ളികൾ, പുരോഹിതരുടെ ഭവനങ്ങൾ, കുമ്പസാരക്കൂടുകൾ എന്നിവിടങ്ങളിൽ അവർ ദുരുപയോഗം ചെയ്യപ്പെട്ടതായി സ്ട്രെക്റ്റ് പറഞ്ഞു. കുട്ടികൾക്ക് 10-14 വയസുള്ളപ്പോഴാണ് ലൈംഗികാതിക്രമത്തിന്‍റെ ഭൂരിഭാഗവും നടന്നത്. ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് രണ്ട് വയസ് മാത്രമാണ് പ്രായം.

പുരോഹിതരുടെയോ മറ്റ് സഭാ അധികാരികളുടെയോ ദുരുപയോഗത്തിന് ഇരയായതായി പറയുന്ന ആളുകളുടെ 564 അനുഭവങ്ങൾ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. 1950 മുതലുള്ള കേസുകള്‍ പരിശോധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിലുടനീളം ഇരകളുടെ സാക്ഷ്യം ഉദ്ധരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍ മേല്‍ പോർച്ചുഗീസ് എപ്പിസ്‌കോപ്പൽ കോൺഫറൻസ് പ്രസിഡന്‍റ്, ലെരിയ-ഫാത്തിമ ബിഷപ്പ് ജോസ് ഒർനെലസ് ഉടന്‍ പ്രതികരിക്കും.

സഭയില്‍ സജീവമായി തുടരുന്ന ബിഷപ്പുമാരുൾപ്പെടെ ലൈംഗികാതിക്രമം മറച്ചുവെച്ചതായി ആരോപിച്ചുള്ള കേസുകൾ പോർച്ചുഗീസ് കത്തോലിക്കാ സഭയെ കഴിഞ്ഞ വർഷം ഉലച്ചിരുന്നു.കുറ്റാരോപിതരായ വൈദികരുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് കമ്മീഷൻ അറിയിച്ചു.കമ്മീഷൻ കേട്ട മൊത്തം 25 സാക്ഷിമൊഴികൾ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. 30 വർഷം മുമ്പ് നടന്ന ചരിത്രപരമായ കുറ്റകൃത്യങ്ങളിൽ നിയമനടപടികൾ ആരംഭിക്കാൻ നിയമം മാറ്റണമെന്ന് കമ്മീഷൻ പറഞ്ഞു.

2021ല്‍ ഫ്രഞ്ച് കത്തോലിക്ക സഭയിലെ ബാലപീഡനങ്ങളുടെ കണക്ക് പുറത്തുവന്നത് ലോകത്താകെയാകെ ഞെട്ടിച്ചിരുന്നു. ഏഴ് പതിറ്റാണ്ടിനിടെ 216,000 പേര്‍ പീഡനത്തിന് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ബാലപീഡകരായ 2,900 മുതല്‍ 3200 പേര്‍ സഭയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു കണക്ക്. ഇതിനു പിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായവരോട് ഖേദം പ്രകടിപ്പിക്കുന്നതായും പീഡന കഥകള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ചതിന് അഭിനന്ദിക്കുന്നതായും മാര്‍പാപ്പ അന്നു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *