മോട്ടോർ വാഹന വകുപ്പ് പരിശോധന; 26 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസ്

തിരൂരങ്ങാടി: വിദ്യാർഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വെച്ചും സ്കൂൾ വാഹനങ്ങൾ അപകടത്തിൽ പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലും രക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. സ്കൂൾ ബസുകളും കുട്ടികളുടെ യാത്രക്ക് ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി.

വാഹനങ്ങളുടെ സുരക്ഷ സംവിധാനങ്ങളും മെക്കാനിക്കൽ സ്ഥിതിയും പരിശോധിച്ചു. ഫയർ എക്സിറ്റിങ്ഗ്വിഷർ, എമർജൻസി വാതിൽ, ഫസ്റ്റ് എയ്ഡ് ബോക്സ്, ഡോർ അറ്റൻഡർ, സ്പീഡ് ഗവേണർ, വാഹനത്തിന്റെ പൊതുവായ അവസ്ഥ എന്നിവയാണ് പരിശോധിക്കുന്നത്. വാഹനങ്ങളിലെ ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇലക്ട്രിക്കൽ വയറിങ് ഫ്യൂസ് തുടങ്ങിയവയും ടയർ, ലൈറ്റ് തുടങ്ങിയവയും പരിശോധിച്ചു.

തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നിർദേശപ്രകാരം എം.വി.ഐ സി.കെ. സുൽഫിക്കർ, എ.എം.വി.ഐമാരായ കൂടമംഗലത്ത് സന്തോഷ് കുമാർ, കെ. അശോക് കുമാർ, എസ്.ജി. ജെസി, ഷൗക്കത്തലി മങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി താലൂക്ക് പരിധിയിലെ സ്കൂൾ വാഹനങ്ങളാണ് പരിശോധിച്ചത്. അപാകത കണ്ടെത്തിയ 26 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. വിദ്യാർഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വെച്ച് വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ജോയന്റ് ആർ.ടി.ഒ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *