ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള നീക്കം ഊർജിതം; ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഇസ്രായേലി കപ്പൽ റാഞ്ചി യമനിലെ ഹൂതി സേന

 

Gaza, Israel, Palestine Journal

ഗസ്സ : ഗസ്സയിൽ മരണം പതിമൂവായിരവും പരിക്കേറ്റവരുടെ എണ്ണം മുപ്പതിനായിരവുമായി ഉയർന്നിരിക്കെ, താൽക്കാലിക വെടിനിർത്തലിനുള്ള നീക്കം ഊർജിതം. അഞ്ചു ദിവസത്തെ വെടിനിർത്തലിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 ബന്ദികളെ കൈമാറാൻ ഏറെക്കുറെ ധാരണ രൂപപ്പെട്ടതായാണ്സൂചന. അതേസമയം, ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിലുളള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. യെമൻ ഹൂത്തികൾ പിടിച്ചെടുത്ത ചരക്കുകപ്പൽ വിട്ടില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി

സിവിലിയൻ കേന്ദ്രങ്ങൾക്കും അഭയാർഥി ക്യാമ്പുകൾക്കും മേലുള്ള ഇസ്രായേൽ ബോംബ് വർഷം തുടരുകയാണ്. വടക്കൻ ഗസ്സയിൽ ഇന്നലെ രാത്രി നടന്ന ബോംബാക്രമണത്തിൽ മാത്രം 150ൽ ഏറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. പതിമൂവായിരത്തിലേറെയാണ് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ. ഇവരിൽഇ 5500 പേർ കുട്ടികളാണ്. പരിക്കേറ്റ മുപ്പതിനായിരത്തിലേറെ പേർക്ക് ആവശ്യമായ ചികിൽസ പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും യു.എൻ ഏജൻസികളും വ്യക്തമാക്കി. ഭൂരിഭാഗം ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതോടെ മരണസംഖ്യയും കുത്തനെ ഉയരുകയാണ്.

ഇസ്രായേലി സൈനികർപിടിച്ചടക്കിയതിനെ തുടർന്ന് പ്രവർത്തനം നിലച്ച ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്ന് മാസം തികയാതെ പ്രസവിച്ച് ഇൻകുബേറ്ററിലായിരുന്ന 31 കുഞ്ഞുങ്ങളെ വിദഗ്ധ ചികിത്സക്കായി ഈജിപ്തിലേക്ക് കൊണ്ടുപോകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗുരുതര പരിക്കേറ്റ നിലയിലുള്ള 259 പേർ ഇപ്പോഴും മരണത്തോട് മല്ലടിച്ചു ആശുപത്രിയിലുണ്ട്. അൽശിഫ ആശുപത്രി ഉപരോധിച്ച സൈന്യം മെഡിക്കൽ ഉപകരണങ്ങൾ പൂർണമായി നശിപ്പിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. ഫലസ്തീൻ ജനതയെ പുറന്തള്ളുകയെന്ന ആസൂത്രിത ലക്ഷ്യമാണ് വർധിച്ചുവരുന്ന കൂട്ടക്കുരുതികളിലുടെ ഇസ്രായേലും അമേരിക്കയും ലക്ഷ്യമിടുന്നതെന്ന് ഹമാസ് സൈനിക വിഭാഗമായ അൽ ഖസാം ബ്രിഗേഡ് അറിയിച്ചു. ഏഴ്ഇസ്രായേലി സൈനികരെ കൊലപ്പെടുത്തിയതായും മുപ്പതോളം സൈനികവാഹനങ്ങൾ തകർത്തതായും അൽ ഖസാം ബ്രിഗേഡ് വ്യക്തമാക്കി.

താൽക്കാലിക വെടിനിർത്തൽ കരാറിനെ കുറിച്ച് ഇസ്രായേലും ഹമാസും പ്രതികരിച്ചിട്ടില്ല. എന്നാൽ കരാർ അന്തിമ ഘട്ടത്തിലാണെന്ന് മധ്യസ്ഥരായ ഖത്തർ നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ഇസ്രായേലി കപ്പൽ റാഞ്ചിയ യമനിലെ ഹൂതി സേനക്കെതിരെ ഇസ്രായേൽ സൈന്യം താക്കീത് നല്‍കി. തുർക്കിയയിൽ നിന്ന് ഇന്ത്യയിലേക്ക് പോവുകയായിരുന്ന ‘ഗാലക്‌സി ലീഡർ’ എന്ന കപ്പലിൽ 22 ജീവനക്കാരുണ്ട്. ഗസ്സ ആക്രമണത്തിന് പ്രതികാരമായി യമൻ അതിർത്തിയിലൂടെ സഞ്ചരിക്കുന്ന ഇസ്രായേലി ഉടമസ്ഥതയിലുള്ളതും ഇസ്രായേലി പതാകയുള്ളതുമായ കപ്പലുകൾ റാഞ്ചുമെന്ന് ഹൂതി വക്താവ് യഹ്‌യ സരിയ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേലി വ്യവസായി റാമി ഉംഗറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണ് കപ്പൽ.

Leave a Reply

Your email address will not be published. Required fields are marked *