ഒമാൻ ലുലു സ്റ്റാർ ഷെഫ് മത്സരത്തിൽ മുഹ്‌സീന അജ്മൽ സ്റ്റാർ ഷെഫ്
മസ്‌കത്ത്: മീഡിയവൺ ഒമാൻ ലുലു സ്റ്റാർ ഷെഫ് മത്സരത്തിൽ മുഹ്‌സീന അജ്മലിനെ സ്റ്റാർ ഷെഫായി തിരഞ്ഞെടുത്തു. ഒമാനിലെ സോഹാർ ലുലുവിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിലാണ് 150 റിയാലിന്റെ ഒന്നാം സമ്മാനം മുഹ്‌സിന നേടിയത്.Chef
ഒമാനിലെ സ്റ്റാർ ഷെഫിനെ തിരഞ്ഞെടുക്കാനായി മീഡിയവൺ ഒരുക്കിയ കോംപിറ്റേഷനിലേക്ക് വന്ന നൂറോളം എൻട്രികളിൽ നിന്ന് തെരഞ്ഞെടുത്തവരാണ് ഫൈനൽ പോരാട്ടത്തിന് സോഹാർ ലുലുവിൽ അണിനിരന്നത്. മികച്ച വിഭവങ്ങളുമായി വാശിയേറിയ മത്സരത്തിന് അവർ നിമിഷനേരം കൊണ്ട് സെറ്റായി. പോരിഞ്ഞ പോരാട്ടത്തിൽ ഒന്നാം സമ്മാനം അടിച്ചെടുത്തത് മുഹ്‌സിന അജ്മൽ. ഷഹനാസ് ഷറഫുദ്ദീന് രണ്ടാം സ്ഥാനവും ഖാമില തൗഫീഖ് മൂന്നാം സ്ഥാനവും നേടി.
കേക്ക് ഡെക്കറേഷൻ വിഭാഗത്തിൽ ഡിയാന ജോബിനാണ് ഒന്നാം സ്ഥാനം നേടിയത്. ഷാദിയ ബാനു ഡിംപിൾ ശ്രീനാഥ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
കുട്ടി ഷെഫുകളെ കണ്ടെത്താനായി ഒരുക്കിയ ജൂനിയർ ഷെഫ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് മുഹമ്മദ് ഷഹ്‌സാദ് ആയിരുന്നു. ആമിന ഫർഹ, വരുണിക എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.
വരയിലും കളറിങ്ങിലും കഴിവ് തെളിയിക്കുന്ന കുട്ടികൾക്കായി ലിറ്റിൽ പിക്കാസോ, പാചക രംഗത്തെയും റസ്റ്ററന്റ് മേഖലയിലെയും സംശയങ്ങൾക്ക് ഷെഫ് പിള്ള മറുപടി നൽകുന്ന ഷെഫ് തിയറ്റർ തുടങ്ങി നിരവധി പരിപാടികളും ഒരുക്കിയിരുന്നു. മത്സരത്തിൽ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും എത്തിയവരെ കൊണ്ട് ലുലു സോഹാറിലെ മത്സര വേദി നിറഞ്ഞു കവിഞ്ഞിരുന്നു.
ഒമാനിലെ സ്റ്റാർ ഷെഫിന്റെ രണ്ടാം വേദിയായ റൂവി ലുലുവിൽ മത്സരങ്ങൾ ഇന്ന് നടക്കും. വൈകീട്ട് നാലിന് രജിസ്‌ട്രേഷൻ ആരംഭിക്കും.