മുണ്ടക്കൈ ദുരന്തം: 106 മൃതദേഹങ്ങൾ; സങ്കട കടലായി മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രം
മേപ്പാടി: നാശംവിതച്ച മുണ്ടക്കൈയിൽ നിന്ന് എളുപ്പത്തിൽ എത്തിപ്പെടാവുന്ന ആശുപത്രി മേപ്പാടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രമാണ്. രക്ഷാപ്രവർത്തിനിടെ കണ്ടുക്കിട്ടുന്നവരേയുംക്കൊണ്ട് എല്ലാവരും ഓടിയെത്തുന്നതും ഇങ്ങോട്ടുതന്നെ. അപകടം നടന്നതിനുശേഷം 6:30 മണിയോടെ ആരംഭിച്ച രക്ഷാപ്രവർത്തനത്തിന് പിന്നാലെ പരിക്കേറ്റവരെ കൊണ്ട് മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിചരണമുറികൾ നിറഞ്ഞുകഴിഞ്ഞു.Mundakai
ഒന്നിനു പുറകിൽ ഒന്നായി എത്തുന്ന പരിക്കേറ്റവരേയും മരിച്ചവരേയും ഉൾക്കൊള്ളാനുള്ള പ്രായോഗിക ബുന്ധിമുട്ടുകളുള്ളതിനാൽ പരിക്കേറ്റവരെ ഉടൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി തുടങ്ങി. ചെറിയ ജീവനുണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രിയപ്പെട്ടവരെത്തിച്ച പലരും മരിച്ചിരുന്നു. നിലവിൽ മരിച്ചവർ മാത്രമാണ് മേപ്പാടി ആശുപത്രിയിലുള്ളത്. 106ലധികം മൃതദേഹങ്ങളാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇതിൽ 60ലധികം പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
തിരിച്ചറിഞ്ഞവരെ ബന്ധുക്കൾക്ക് വിട്ടുനൽകി. ബാക്കിയുള്ളവരെ തിരിച്ചറിയാൻ ഉറ്റവർ സങ്കടങ്ങൾ ഉള്ളിലൊതുക്കി പരക്കം പായുന്നുണ്ട്. ഒടുവിൽ തങ്ങളുടെ പ്രിയപ്പെട്ടരുടെ ചേതനയറ്റ ശരീരങ്ങൾ തിരിച്ചറിയുമ്പോൾ അത്രയും നേരെ ഉള്ളിലൊതുക്കിയ സങ്കടങ്ങൾ പൊട്ടികരച്ചിലായി പുറത്തേക്ക്. അങ്ങനെ കണ്ടുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇവിടുത്തെ ആശുപത്രി വരാന്തകളിലുള്ളത്.
പരിക്കേറ്റവരേയും വഹിച്ച് ചീറി പാഞ്ഞെത്തുന്ന ആംബുലൻസുകൾക്ക് വഴിയൊരുക്കാൻ സന്നദ്ധ പ്രവർത്തകർ സജ്ജമാണ്. അല്പമെങ്കിലും ജീവനുള്ളവരെ ഉടൻ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ഇത്തരത്തിൽ മാറ്റിയ 15 പേർ പിന്നീട് മരണത്തിന് കീഴടങ്ങി. മറ്റുള്ളവർ ചികിത്സയിൽ തുടരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ എന്തു സഹായം നൽകുന്നതിനും മേപ്പാടിയിലെ മുഴുവൻ വീടുകളും തുറന്നിട്ടിരിക്കുകയാണ്.