മുണ്ടക്കൈ ദുരന്തം: പരിക്കേറ്റവരുടെ തുടര്‍ചികിത്സയില്‍ പ്രതിസന്ധി

Mundakai tragedy: Crisis in further treatment of the injured

മുണ്ടക്കൈ ദുരന്തത്തില്‍ പരിക്ക് പറ്റിയവരുടെ തുടര്‍ ചികിത്സ പ്രതിസന്ധിയില്‍. ദുരിതബാധിതരാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതാണ് കാരണം സര്‍ക്കാര്‍ ആശുപത്രികളിലെ ടെസ്റ്റുകള്‍ക്ക് പോലും ഇവര്‍ക്ക് പണം നല്‍കേണ്ടി വരുന്നു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുന്നവരുടെ പണം സര്‍ക്കാര്‍ വഹിക്കുമെന്ന വാഗ്ദാനവും ഇതുവരെ നടപ്പായില്ല. ചൂരല്‍മല സ്വദേശി മുനീറിന് കുത്തിയൊലിച്ചിറങ്ങിയ മലവെള്ള പാച്ചിലില്‍ കുടുങ്ങി മുനീറിന് ഗുരുതരമായി പരിക്കേറ്റു, വാരിയെല്ല് പൊട്ടി, തോളല്ലില്‍ ശസ്ത്രക്രിയ കഴിഞ്ഞു.

40 ദിവസം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ആദ്യം നല്‍കിയ ധനസഹായം മാത്രം ലഭിച്ചു. കയ്യില്‍ പണമില്ലാതായതോടെ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റി.

ദുരന്ത മേഖലയില്‍ നിന്ന് പരിക്കേറ്റവരില്‍ തുടര്‍ ചികിത്സ അനിവാര്യമായവര്‍ക്ക് , സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക കാര്‍ഡ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും ഇഴഞ്ഞ് നീങ്ങുകയാണ്.

കാര്‍ഡ് നല്‍കുന്നതിലെ ആശയക്കുഴപ്പം തുടരുമ്പോള്‍, ചികിത്സയ്ക്ക് എത്തുന്നവര്‍ ഇങ്ങനെ പണമടച്ച് മടങ്ങി പോകേണ്ടി വരുന്നു. അതിനിടെ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുന്നവര്‍ ബില്ലുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, ഇതുവരെയും പണം നല്‍കിയിട്ടില്ല.

ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം ആകുമ്പോള്‍ മുണ്ടക്കൈക്കാരുടെ മനസ്സിലെ മുറിവുണങ്ങിയിട്ടില്ല, ശരീരത്തില്‍ ഏറ്റ പാടുകള്‍ എങ്കിലും മായ്ക്കാന്‍ എത്തുമ്പോഴാണ് അധികൃതരുടെ ഈ അനാസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *