മുർഷിദാബാദ് സംഘർഷം: സോഷ്യൽമീഡിയയിലെ വ്യാജ പ്രചാരകർക്കെതിരെ കർശന നടപടിയെന്ന് ​ബം​ഗാൾ പൊലീസ്

Murshidabad

കൊൽക്കത്ത: മുർഷിദാബാദ് സം​ഘർഷവുമായി ബന്ധപ്പെട്ട് കുപ്രചാരണം നടത്തുന്ന വ്യാജ സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കെതിരെ പശ്ചിമബം​ഗാൾ പൊലീസ്. വഖഫ് ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു പിന്നാലെയുണ്ടായ വർ​ഗീയ സംഘർഷത്തിനു പിന്നാലെ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഇത്തരക്കാരെ കരുതിയിരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.Murshidabad

വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് 300ലേറെ പേർ അറസ്റ്റിലായതിനു പിന്നാലെ, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതായി പൊലീസ് പറയുന്നു.

മുർഷിദാബാദ് സ്വദേശികളാണെന്ന് അവകാശപ്പെടുന്ന ഇത്തരം വ്യാജ പ്രൊഫൈലുകൾ, ദേശവിരുദ്ധവും സാമുദായിക സ്പർധ സൃഷ്ടിക്കുന്നതുമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഇത്തരം വ്യാജ പ്രൊഫൈൽ ഉടമകൾക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പല അക്കൗണ്ടുകളും ഇതിനോടകം ബ്ലോക്ക് ചെയ്തതായും പലതും ബ്ലോക്കിങ് നടപടികളിലാണെന്നും പൊലീസ് വ്യക്തമാക്കി.

ആളുകൾക്കിടയിൽ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയും സാമുദായിക ഐക്യം തകർക്കുകയും ചെയ്യുന്ന ഇത്തരം പ്രകോപനപരമായ സന്ദേശങ്ങൾ പങ്കിടുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.

വിദ്വേഷം വളർത്തുക എന്ന ദുരുദ്ദേശ്യത്തോടെ ഒരുപാട് വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് പശ്ചിമ ബംഗാൾ ഡിജിപി രാജീവ് കുമാർ നേരത്തെ പറഞ്ഞിരുന്നു.

ഏപ്രിൽ 11, 12 തിയതികളിൽ മുർഷിദാബാദ് ജില്ലയിലെ ഷംഷേർ​ഗഞ്ച്, സുതി, ധുലിയാൻ, ജ​ഗ്നിപൂർ എന്നിവിടങ്ങളിലാണ് വർ​ഗീയ സംഘർഷം ഉടലെടുത്തത്. ഇതിൽ മൂന്ന് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വഖഫ് ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *