ഔസേപ്പച്ചൻ വഴികാട്ടി, ആദ്യ സിനിമയിൽ പാടി നയൻ സായി
തൃശ്ശൂർ: കലാരംഗത്ത് മികവുകാട്ടിയ ജേഷ്ടന് പിന്നാലെ കാസർകോട് തൃക്കരിപ്പൂർ പറമ്പത്ത് വീട്ടിലേക്ക് നേട്ടങ്ങളുമായി അനുജൻ നയൻ സായിയും. ജേഷ്ടൻ നിരുപം സായി മുന്നേറിയ ലളിത ഗാനം, ശാസ്ത്രീയ സംഗീതം, സംഘഗാനം എന്നീ ഇനങ്ങളിൽ തന്നെയാണ് നയനും മികച്ച പ്രകടനം കാഴ്ചവെച്ചത്.
നയന്റെ ലളിതഗാനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ‘തേവർ’ എന്ന സിനിമയിൽ പാട്ടുപാടാൻ അവസരം നൽകി. ഈ സിനിമയിലെ ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് സംഗീതം നൽകുന്നത്.
ഹയർ സെക്കൻഡറി വിദ്യാർഥിയായ നയൻ കാസർകോട് പീലിക്കോട് ജി.എച്ച്.എസ്.എസിലാണ് പഠിക്കുന്നത്. ആൽബങ്ങളിലൂടെ അറിയപ്പെടുന്ന രാജേഷ് തൃക്കരിപ്പൂർ എഴുതി സംഗീതം നൽകിയ ലളിതഗാനമാണ് നയൻ അവതരിപ്പിച്ചത്. മക്കളുടെ നേട്ടങ്ങളിൽ രാജേഷും ഭാര്യ പ്രജിലയും അടങ്ങുന്ന പാട്ട് കുടുംബം സന്തോഷത്തിലാണ്.
