കേരളത്തിന്റെ വിദ്യാഭ്യാസ മോഡൽ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ മുസ്‍ലിം ലീഗ്
ന്യൂഡൽഹി: പിന്നാക്ക ജനവിഭാഗങ്ങളെ വിദ്യാഭ്യാസ നവോത്ഥാന മേഖലയിൽ കൈപിടിച്ചുയർത്തിയ കേരള മോഡൽ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാൻ സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷൻ ആൻഡ് എംപവർമെന്റ് പ്രോജക്ടുമായി മുസ്ലിംലീഗ്. ഡൽഹി കെ.എം.സി.സി ആവിഷ്കരിച്ച് നടപ്പാക്കുന്ന സി എച്ച് മുഹമ്മദ് കോയ എജുക്കേഷൻ ആൻഡ് എംപവർമെന്റ് പ്രോജക്റ്റിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദേ മില്ലത്ത് സെൻററിൽ പാർട്ടിയുടെ ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സീതി സാഹിബിന്റെയും സി.എച്ചിന്റെയും ദീർഘവീക്ഷണമുള്ള ചിന്തകളാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ മുസ്ലിം പിന്നോക്ക ജനവിഭാഗങ്ങൾക്ക് ഊർജ്ജമായതെന്ന് തങ്ങൾ ഓർമിപ്പിച്ചു. സ്കോളർഷിപ്പുകൾ നൽകിയും സ്കൂളുകളും കോളേജുകളും സ്ഥാപിച്ചും സാധാരണക്കാരായ ജനങ്ങളിലേക്ക് വിദ്യാഭ്യാസമെത്തിക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഉത്തരേന്ത്യൻ ജനവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് പ്രധാന കാരണം വിദ്യാഭ്യാസരംഗത്തെ പോരായ്മകളാണ്. ഇത് പരിഹരിക്കാൻ ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളും പ്രവർത്തനങ്ങളും ആവശ്യമാണ്. സി.എച്ച് മുഹമ്മദ് കോയ എജുക്കേഷൻ ആൻഡ് എംപവർമെന്റ് പ്രോജക്ടിലൂടെ ഡൽഹി കേന്ദ്രീകരിച്ച് വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ 100 മണിക്കൂർ സിവിൽ സർവീസ് തീവ്ര പരിശീലന പരിപാടിക്കാണ് പദ്ധതിക്ക് കീഴിൽ ആദ്യം തുടക്കം കുറിക്കുന്നത്. പ്രത്യേക പ്രവേശന പരീക്ഷ സംഘടിപ്പിച്ച് തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരീക്ഷ പരിശീലനം നൽകും. ഇതോടൊപ്പം വിവിധ ഗല്ലികൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് ട്യൂഷൻ സംവിധാനത്തിനുള്ള മോഡൽ കോച്ചിംഗ് സെൻററുകൾ കൂടി പ്രൊജക്റ്റിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
ഡൽഹി കെ.എം.സി.സി പ്രസിഡണ്ട് അഡ്വ.ഹാരിസ് ബീരാൻ എം.പി അധ്യക്ഷത വഹിച്ചു. പി.കെ ബഷീർ എം.എൽ.എ മുഖ്യാതിഥിയായി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമർ, സി കെ സുബൈർ, അസി.സെക്രട്ടറി ആസിഫ് അൻസാരി, മാതൃഭൂമി ന്യൂസ് ഡൽഹി ബ്യൂറോ ചീഫ് പി. ബസന്ത്, മാധ്യമം ഡൽഹി ബ്യൂറോ ചീഫ് ഹസനുൽ ബന്ന,മുസ്ലിം ലീഗ് ഡൽഹി സ്റ്റേറ്റ് പ്രസിഡൻറ് മൗലാന നിസാർ അഹമ്മദ്, ഡൽഹി കെഎംസിസി വൈസ് പ്രസിഡണ്ട് അഡ്വ.മർസൂക് ബാഫഖി, സെക്രട്ടറിമാരായ അഡ്വ. അബ്ദുല്ല നസീഹ്,അഡ്വ. അഫ്സല് യൂസഫ്,അഡ്വ. സുൽഫിക്കർ എന്നിവർ സംസാരിച്ചു. ഡൽഹി കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് ഹലീം സ്വാഗതവും ട്രഷറർ അജ്മൽ മുഫീദ് നന്ദിയും പറഞ്ഞു.
