വെള്ളാപ്പള്ളിയുടെ പ്രചാരണം കള്ളം; എട്ട്​ ജില്ലകളിലെ എയ്​ഡഡ്​ സ്കൂൾ കണക്ക്​ സഭയിൽ



തിരുവനന്തപുരം: കേരളത്തിൽ മുസ്​ലിങ്ങൾക്ക്​ 4020 എയ്​ഡഡ്​ സ്കൂളുകളുണ്ടെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന കള്ളമെന്ന്​ നിയമസഭ ചോദ്യത്തിന്​ നൽകിയ മറുപടിയിൽ വ്യക്​തം. മലപ്പുറം, കോഴിക്കോട്​ ഉൾപ്പെടെ എട്ട്​ ജില്ലകളിലെ എയ്​ഡഡ്​ സ്കൂളുകളുടെ കണക്ക്​ വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വെച്ചു. 1162 എണ്ണമാണ്​ മുസ്​ലിം മാനേജ്​മെന്‍റിന്​ കീഴിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലെ കണക്കുകൾ ഉൾപ്പെടുത്താതെ ഈഴവ വിഭാഗത്തിന്​ 403 സ്കൂളുകളും നായർ വിഭാഗത്തിന്​ 565 സ്കൂളുകളുമുണ്ട്.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്​ ഈഴവ മാനേജ്​മെന്‍റുകൾക്ക്​ കൂടുതൽ സ്കൂളുകളുള്ളത്​. കാസർകോട്​, വയനാട്​, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 4212 എയ്​ഡഡ്​ സ്കൂളുകളുടെ കണക്കാണ്​ മന്ത്രി നൽകിയത്​. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത്​ ക്രിസ്ത്യൻ മാനേജ്​മെൻറുകൾക്കാണ്​ -1254. മുസ്​ലിം മാനേജ്​മെന്‍റുകൾക്ക്​ കീഴിലുള്ള മുഴുവൻ സ്കൂളുകളുടെയും എണ്ണം ഉത്തരത്തിലുണ്ടെങ്കിൽ ഈ ജില്ലകളിൽ ഈഴവ, നായർ ഒഴികെയുള്ള മാനേജ്​മെന്‍റുകൾക്ക്​ കീഴിലുള്ള എണ്ണം പ്രത്യേകം നൽകിയിട്ടില്ല. മറ്റുള്ളവ എന്ന വിഭാഗത്തിൽ 828 സ്കൂളുകളുണ്ട്​. വെള്ളാപ്പള്ളി ആരോപിച്ചതി​ന്‍റെ മൂന്നിലൊന്ന്​ സ്കൂളുകൾ പോലും മുസ്​ലിം മാനേജ്​മെന്‍റുകൾക്ക്​ ഇല്ലെന്ന് മറുപടി​ വ്യക്​തമാക്കുന്നു.