ലീഗിനെ കൊണ്ട് മുസ്‌ലിംകള്‍ക്ക് ഒരു നേട്ടവും ഇല്ല; അബ്ദുൽ ഹക്കീം അസ്ഹരി
കോഴിക്കോട്: ലീഗിനെ കൊണ്ട് മുസ്‌ലിംകള്‍ക്ക് പ്രത്യേകമായൊരു നേട്ടവുമില്ലെന്ന് കാന്തപുരം വിഭാഗം നേതാവും സമസ്‌ത കേരള സുന്നി യുവജന സംഘം പ്രസിഡന്റുമായ അബ്ദുൽ ഹക്കീം അസ്ഹരി. ലീഗ് മുസ്‌ലിം സമുദായത്തെ ഒട്ടാകെ പ്രതിനിധീകരിക്കുന്നില്ലെന്നും ലീഗ് രാഷ്ട്രീയ പാർട്ടി മാത്രമാണെന്നാണ് അസ്ഹരി പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലായിരുന്നു അസ്ഹരിയുടെ പ്രതികരണം.Muslims
ലീഗ് മുസ്‌ലിം സമുദായത്തെ ഒട്ടാകെ പ്രതിനിധീകരിക്കുന്നില്ല. ലീഗ് ഒരു രാഷ്ട്രീയ പാർട്ടി മാത്രമാണ്. ലീഗിൽ ഭൂരിഭാഗവും മുസ്‌ലിംകളാണ്. എന്നാൽ മുസ്‌ലിംകൾ എല്ലാം ലീഗുകാരല്ല. മുസ്‌ലിംകൾ ലീഗിലും കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഉണ്ട്. മതത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്നും സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സ്ഥിരമായ ബന്ധം പുലര്‍ത്തുന്നില്ലെന്നും അസ്ഹരി വ്യക്തമാക്കി.
‘കേരളത്തിൽ മുസ്‌ലിംകള്‍ക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. മുസ്‌ലിം സമുദായത്തിന് രാഷ്ട്രീയത്തിൽ നിന്നോ, ഭരണകൂടത്തിൽ നിന്നോ പ്രത്യേകമായ ഒന്നും ലഭിക്കുന്നില്ല. കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വകുപ്പും വഖഫ് ബോർഡും ഉദാരമായി ഫണ്ട് അനുവദിക്കുകയും വികസനങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിൽ എത് ഗവൺമെന്റ് വന്നാലും മുസ്‌ലിംകൾക്ക് ഒന്നും ലഭിക്കുന്നില്ല. മുസ്‌ലിം ലീഗ് ഭരണത്തിലുണ്ടായിരുന്നിട്ടും മുസ്‌ലിംകൾക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല’-അസ്ഹരി പറഞ്ഞു.
ജനസംഖ്യയിൽ 11 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക് ആന്ധ്രപ്രദേശിൽ 10 ശതമാനമാണ് സർക്കാർ ജോലികളിൽ പ്രാതിനിധ്യം. കേരളത്തിലെ ജനസംഖ്യയിൽ 30 ശതമാനം മുസ്‌ലിംകള്‍ ആണെങ്കിലും അതിന്റെ പകുതി പ്രാതിനിധ്യം പോലും സർക്കാർ ജോലികൾ ഇല്ലെന്ന് അസ്ഹരി വിമർശിച്ചു.
വഖഫ് വിഷയത്തിൽ മുസ്‌ലിംകൾ മാത്രമായി ഒരു പ്രക്ഷോഭവും നടത്തരുതെന്നാണ് തങ്ങളുടെ നിലപാട്. ചില സംഘടനകൾ മുസ്‌ലിംകളുടെ പ്രശ്നമാക്കി മാത്രം ചുരുക്കാനാണ് ശ്രമിക്കുന്നത്. ഇത് രാജ്യത്തെയും ഭരണഘടനയെയും സംബന്ധിച്ച് പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയെയും അമിത് ഷായെയും സന്ദർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഞങ്ങൾ ആരെയും ശത്രുക്കളായി കാണുന്നില്ലെന്നും ഭരണാധികാരികളുമായി സഹകരിക്കുക എന്നതാണ് ഇസ്‌ലാമിക തത്വമെന്നും’ അസ്ഹരി പറഞ്ഞു.