ഒറ്റ സ്കൂട്ടറിൽ അഞ്ച് വിദ്യാർഥികൾ; പണി കിട്ടിയത് വീട്ടുകാർക്കും, നടപടിയുമായി എം.വി.ഡി

കൊച്ചി: ഒരു സ്കൂട്ടറിൽ അഞ്ചുപേർ കയറി അപകടകരമായി യാത്ര ചെയ്ത കോളജ് വിദ്യാർഥികൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതിന് പുറമെ പിഴയും ചുമത്തി. വിദ്യാർഥികൾക്കൊപ്പം അഞ്ചുപേരുടെയും രക്ഷിതാക്കളെ ബോധവത്കരണ ക്ലാസിൽ പങ്കെടുപ്പിക്കാനും അധികൃതർ തീരുമാനിച്ചു.
തൃക്കാക്കര പൈപ്പ് ലൈൻ റോഡിലായിരുന്നു അഞ്ചു വിദ്യാർഥികളുടെ സാഹസികയാത്ര. ഒരാൾ സ്കൂട്ടർ ഓടിക്കുകയും മറ്റു നാലുപേർ അതിൽ കയറുകയും ചെയ്തുള്ള യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടത്. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൃക്കാക്കരയിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് യാത്ര ചെയ്തതെന്ന് കണ്ടെത്തി.
തുടർന്ന് അഞ്ചുപേരെയും ആർ.ടി ഓഫിസിലേക്ക് വിളിച്ചുവരുത്തി. സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകി. അനുവദനീയമായതിലധികം പേരെ വാഹനത്തിൽ കയറ്റിയതിന് ഉടമ 1000 രൂപയും ഹെൽമറ്റ് ധരിക്കാത്ത മൂന്നുപേർ 500 രൂപ വീതവും പിഴ അടയ്ക്കണം.
പിഴയടച്ച് നടപടികളിൽനിന്ന് ഒഴിവാകാനാകില്ലെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. വിദ്യാർഥികളുടെ അപകടകരമായ യാത്രയെക്കുറിച്ച് രക്ഷിതാക്കളെയും ബോധവത്കരിക്കാനാണ് തീരുമാനം. ഇതിനായി അഞ്ചുപേരും മാതാപിതാക്കളോടൊപ്പം ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം നിർദേശിച്ചു.
സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെ സുരക്ഷക്കും ഭീഷണിയുയർത്തുന്ന ഇത്തരം പ്രവൃത്തികൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി.
