‘എന്റെ എല്ലാമായ പ്രിയപ്പെട്ടവന്’; സഞ്ജുവിന് ചാരുവിന്റെ സ്നേഹസമ്മാനം, പിന്നാലെ താരത്തിന്റെ സർപ്രൈസ് പോസ്റ്റ്

തിരുവനന്തപുരം: 32ാം ജന്മദിനത്തിൽ ഭാര്യ ചാരുലതയുടെ സ്നേഹം നിറഞ്ഞ ആശംസകൾക്ക് പിന്നാലെ രസകരമായ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സ്വയം ആഘോഷിക്കേണ്ടതും പ്രധാനമാണെന്ന ഭാര്യയുടെ ഉപദേശം സ്വീകരിച്ച് തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രവും ‘ആവേശം’ സിനിമയിലെ ഹിറ്റ് ഗാനവും പങ്കുവച്ചാണ് സഞ്ജു പിറന്നാൾ ആഘോഷത്തിന് വേറിട്ടൊരു മാനം നൽകിയത്. ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകളും ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

‘സ്വന്തം ജീവിതത്തെ സ്വയം ആഘോഷിക്കേണ്ടതും പ്രധാനമാണെന്ന് ഒരാൾ എന്നോട് പറഞ്ഞു’ എന്ന വാക്കുകളോടെയാണ് ചാരുലതയെ ടാഗ് ചെയ്തുള്ള സഞ്ജുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ‘അതുകൊണ്ട് നവംബർ 11ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രവും അതിനൊപ്പം നല്ലൊരു ഗാനവും പങ്കുവച്ച് ഞാൻ എന്നെത്തന്നെ ആഘോഷിക്കുകയാണ്. സന്ദേശങ്ങളിലൂടെയും സ്നേഹത്തിലൂടെയും ജന്മദിനാശംസകൾ അറിയിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. അനുഗ്രഹീതനാണ്’ -സഞ്ജു കുറിച്ചു.

ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ സിനിമയിലെ രംഗണ്ണന്റെ സ്റ്റൈൽ ഓർമിപ്പിക്കുന്ന ചിത്രമാണ് സഞ്ജു തിരഞ്ഞെടുത്തത്. ചിത്രത്തിനൊപ്പം സിനിമയിലെ ജനപ്രിയ ഗാനമായ ‘അർമാദ’വും ചേർത്തിട്ടുണ്ട്. സഞ്ജുവിന്റെ വ്യത്യസ്തമായ പിറന്നാൾ പോസ്റ്റ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

നേരത്തെ ഭർത്താവിന് ജന്മദിനാശംസകൾ നേർന്ന് ചാരുലതയും ഇൻസ്റ്റഗ്രാമിൽ നിരവധി ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള സന്തോഷനിമിഷങ്ങൾ കോർത്തിണക്കിയ റീലിനൊപ്പം ‘വർഷത്തിലെ ആ വിശേഷപ്പെട്ട ദിവസം വീണ്ടും വന്നെത്തി. എന്റെ എല്ലാമായ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ’ എന്നായിരുന്നു ചാരുലതയുടെ കുറിപ്പ്.

ഇതിനു പുറമെ സഞ്ജുവിന്റെ ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടുത്തി നിരവധി ഇൻസ്റ്റഗ്രാം സ്റ്റോറികളും ചാരുലത പങ്കുവച്ചു. ഫോട്ടോ എടുക്കാൻ തീരെ താൽപര്യമില്ലാത്ത ആളെന്നതടക്കമുള്ള രസകരമായ വിശേഷണങ്ങളും സ്റ്റോറികളിൽ ഇടംപിടിച്ചു.

1994 നവംബർ 11ന് ജനിച്ച സഞ്ജുവിന് ഇത്തവണത്തെ പിറന്നാൾ ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരം ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. അഞ്ച് ഇന്നിങ്സുകളിൽനിന്ന് 321 റൺസാണ് സഞ്ജു നേടിയത്. ന്യൂസിലൻഡിനെതിരായ ഫൈനലിൽ 46 പന്തിൽ 89 റൺസെടുത്തും താരം തിളങ്ങി.