കൊച്ചിയിൽ മദ്യപിച്ച് വാഹന പരിശോധന നടത്തിയ MVD ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു

MVD inspector suspended for checking vehicle while drunk in Kochi

 

എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ എസിനെ സസ്പെൻഡ് ചെയ്തു. വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടതായും ഗതാഗത കമ്മീഷണർ അറിയിച്ചു.

തൃക്കാക്കര തോപ്പിൽ ജങ്ഷനിൽ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തൃക്കാക്കരയിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്ന കുടുംബത്തിൽനിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉദ്യോ​ഗസ്ഥൻ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പൊലീസിനെ വിവരം അറിയിച്ചതും.

മത്സ്യവിൽപ്പന നടത്തുന്നതിന് തൊട്ടടുത്ത് തന്നെ ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോൾ തന്റെ ഭർത്താവിന്റേതാണെന്ന് യുവതി മറുപടിനൽകി. ഇതോടെ, ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തിൽ ഗുഡ്സ് കയറ്റി എന്നാണ് പരാതിയെന്നും മൂവായിരം രൂപ പിഴയടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, ഉദ്യോ​​ഗസ്ഥന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. കൂടാതെ ഇയാൾ യൂണിഫോമിലും ആയിരുന്നില്ല. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *