‘കാടുമൂടി കിടക്കുന്ന വഴിയിലൂടെ കുളത്തിനരികിലേക്ക് മോന്‍ പോകില്ല’; രണ്ടര വയസുകാരന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം

death

മലപ്പുറം: രണ്ടര വയസുകാരന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. മലപ്പുറം കോട്ടക്കൽ സ്വദേശി അൻവർ അലിയുടെ മകൻ ആദം അലിയുടെ മരണത്തിലാണ് കുടുംബം അന്വേഷണം ആവശ്യപ്പെടുന്നത്.death

2024 സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൊറയൂർ അരിമ്പ്ര പൂതനപറമ്പിലെ ഉമ്മയുടെ വീട്ടിൽ നിന്ന് കുട്ടിയെ കാണാതാകുന്നത് . തുടർന്ന് വീട്ടുകാർ നടത്തിയ തിരിച്ചിലിൽ വീടിനു സമീപത്തെ കുളത്തിനരികിലെ ചാലിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി രണ്ടുദിവസത്തിനുശേഷം മരണപ്പെട്ടു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം പറയുന്നത്.

മരണത്തിൽ ആദ്യം മുതലേ അസ്വാഭാവികത തോന്നിയിരുന്നെന്ന് കുട്ടിയുടെ പിതാവ് അന്‍വര്‍ അലി പറയുന്നു. കോടതിയിൽ പോകാൻ ആവശ്യമുള്ള രേഖകൾ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ ഇതുവരെ ലഭിച്ചില്ലെന്നും പിതാവ് പറയുന്നു.

‘കാടുകൾ നിറഞ്ഞ ഒരു വഴിയിലൂടെയാണ് അവൻ സഞ്ചരിച്ചത്. എല്ലാവരും പറയുന്നത് ഈ സംഭവം നടക്കുന്നത് 20 മിനിറ്റിനുള്ളിലാണ്. 20 മിനിറ്റിനുള്ളില്‍ കുട്ടി ഒരിക്കലും അത്രയും ദൂരം പോകില്ല. കുട്ടി അവിടെ എത്തിയിട്ടുണ്ടെങ്കിൽ അതിന് പുറത്തുനിന്നുള്ള ഒരു ഇടപെടൽ ഉണ്ടായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അത് കണ്ടെത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്’.പിതാവ് പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മരണത്തിലെ ദുരൂഹത നീക്കണമെന്ന് കുട്ടിയുടെ മാതാവ് ഫാസില ജഹാൻ പറഞ്ഞു. അതേസമയം, നിലവിലെ അന്വേഷണത്തിൽ മരണത്തിൽ ദുരൂഹത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *