ബൂസ്റ്റിൽ എത്ര പ്രോട്ടീനുണ്ട്? അരോറൂട്ട് ബിസ്കറ്റിൽ കൂവപ്പൊടിയെത്ര? മാങ്ങ ജ്യൂസിൽ മാങ്ങയുണ്ടോ…? ഉത്തരമറിയാൻ കോഴിക്കോട് ബീച്ചിൽ ഷുഗർ എക്സ്പോ

കോഴിക്കോട്: നാം വാങ്ങുന്ന ഓരോ ഭക്ഷ്യവസ്തുക്കളിലും പരസ്യത്തിൽ അവർ അവകാശപ്പെടുന്നതുപോലെ പോഷക മൂല്യങ്ങൾ ഉണ്ടോ? ആരോഗ്യം മെച്ചപ്പെടുത്താൻ നാം കഴിക്കുന്ന ബൂസ്റ്റിൽ എത്ര പ്രോട്ടീനുണ്ട്? കൂവപ്പൊടി ​കൊണ്ടാണോ അരോറൂട്ട് ബിസ്ക്കറ്റ് ഉണ്ടാക്കുന്നത്? എത്ര മാങ്ങ ഉപയോഗിച്ചാണ് കുപ്പിയിൽ അടച്ച മാങ്ങാജ്യൂസ് ഉണ്ടാക്കുന്നത്? ഇതുപോലെ നമുക്കുള്ള നൂറുകണക്കിന് സംശയങ്ങൾക്ക് മറുപടി പറയാൻ വൃക്ക രോഗ വിദഗ്ധരായ ഡോക്ടർമാരുടെ കൂട്ടായ്മയായ ‘മൈ ഷുഗർ ക്ലിനിക്ക്’ കോഴിക്കോടെത്തുന്നു. നവംബർ 14, 15 തീയതികളിൽ കോഴിക്കോട് ഭട്ട് റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിലാണ്‘ഷുഗർ എക്സ്പോ 2026’ സംഘടിപ്പിക്കുന്നത്.

വൈകീട്ട് 3.30 മുതൽ രാത്രി 9 മണി വരെ നടക്കുന്ന പ്രദർശനത്തിൽ എല്ലാവർക്കും സൗജന്യമായി പ​ങ്കെടുക്കാം. ആരോഗ്യകരമെന്ന് കരുതി വാങ്ങുന്ന പല ഭക്ഷ്യവസ്തുക്കളിലും അമിതമായ അളവിൽ പഞ്ചസാരയും ഉപ്പും മറ്റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന കാര്യം പലപ്പോഴും ഉപഭോക്താക്കൾ തിരിച്ചറിയാറില്ല. ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പോഷകവിവരങ്ങൾ എങ്ങനെ വായിക്കണമെന്ന് എക്സ്​പോയിൽ മനസ്സിലാക്കിത്തരും.

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ പ്രദർശനം ഭക്ഷണത്തിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര, അമിതമായ ഉപ്പിന്റെ ഉപയോഗം, തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ അവകാശവാദങ്ങൾ, അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.

വമ്പൻ കമ്പനികളുടെ തട്ടിപ്പുകൾ കണ്ടും അനുഭവിച്ചും മനസ്സിലാക്കാം

സാധാരണ ബോധവത്കരണ പരിപാടികളിൽനിന്ന് വ്യത്യസ്തമായി, കണ്ടും അനുഭവിച്ചും പഠിക്കാവുന്ന രീതിയിലാണ് എക്സ്പോ ഒരുക്കുന്നത്. വിപണിയിൽ സാധാരണയായി ലഭിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളിൽ എത്രത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് നേരിട്ട് മനസ്സിലാക്കാനും ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ ലേബലുകൾ വായിക്കാനും അവയിലെ പോഷകഘടകങ്ങൾ തിരിച്ചറിയാനും സന്ദർശകർക്ക് അവസരമുണ്ടാകും. സമീകൃതാഹാരം എങ്ങനെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം എന്ന് പരിചയപ്പെടുത്തുന്ന ‘മാജിക് പ്ലേറ്റ്’ ആശയവും പ്രദർശനത്തിലെ പ്രധാന ആകർഷണമായിരിക്കും.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഭക്ഷണശീലങ്ങളെ സ്വാധീനിക്കുന്ന പരസ്യങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ അവകാശവാദങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങളുടെ വ്യാപകമായ ലഭ്യത എന്നിവയെക്കുറിച്ചും പ്രദർശനം ശ്രദ്ധ ക്ഷണിക്കും.

രോഗം വരാതിരിക്കാൻ ഭക്ഷണസംസ്കാരം മാറണം

പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ, രക്തസമ്മർദം, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ വർധിച്ചുവരുന്ന ഭാരം കേരളം നേരിടുകയാണ്. ഭക്ഷണരീതിയും വ്യായാമക്കുറവും ഉൾപ്പെടെയുള്ള ജീവിതശൈലി ഘടകങ്ങൾക്ക് ഈ രോഗങ്ങളുടെ വളർച്ചയിൽ പ്രധാന പങ്കുണ്ട്.

ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് അവബോധം വർധിക്കുന്നുണ്ടെങ്കിലും നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള ശരിയായ അറിവും ഭക്ഷ്യവസ്തുക്കളിലെ പോഷകവിവരങ്ങൾ മനസ്സിലാക്കാനുള്ള കഴിവും ഇപ്പോഴും പരിമിതമാണ്.

ആരോഗ്യത്തെക്കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരാകുന്നുണ്ട്. എന്നാൽ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന സാഹചര്യം നമ്മുടെ ചുറ്റുപാടുകളിൽ എല്ലായ്പ്പോഴും ലഭ്യമല്ല. എന്താണ് കഴിക്കുന്നത് എന്നറിയാനുള്ള അവകാശം ഓരോ ഉപഭോക്താവിനുമുണ്ട്. ആരോഗ്യകരമായി ഭക്ഷണം കഴിക്കണമെന്ന് ഉപദേശിക്കുന്നതിൽ മാത്രം ഒതുങ്ങരുത്. ഭക്ഷണത്തെക്കുറിച്ച് മനസ്സിലാക്കാനും തെറ്റായ അവകാശവാദങ്ങളെ തിരിച്ചറിയാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും ജനങ്ങളെ പ്രാപ്തരാക്കണം. രോഗപ്രതിരോധം വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമല്ല. അത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണ് -മൈ ഷുഗർ ക്ലിനിക് സഹസ്ഥാപകനും നെഫ്രോളജി പ്രഫസറുമായ ഡോ. ഇ.ടി. അരുൺ തോമസ് പറഞ്ഞു.

ഡിജിറ്റൽ ലോകത്തുനിന്ന് പൊതുജനങ്ങളിലേക്ക്

2021-ൽ ആരംഭിച്ച മൈ ഷുഗർ ക്ലിനിക് കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ആരോഗ്യ-ജനകീയ ബോധവത്കരണ സംരംഭമാണ്. ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനും അവ ബാധിച്ചവരിൽ രോഗനിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യവിദ്യാഭ്യാസം, സമൂഹപങ്കാളിത്തം, ജീവിതശൈലിയിൽ പ്രായോഗികമായ മാറ്റങ്ങൾ എന്നിവയ്ക്കാണ് സ്ഥാപനം പ്രാധാന്യം നൽകുന്നത്.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന ആരോഗ്യബോധവത്കരണ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിന്റെ ഭാഗമായാണ് ഷുഗർ എക്സ്പോ സംഘടിപ്പിക്കുന്നത്. ഭക്ഷണം, പോഷകാഹാരം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ച് കൂടുതൽ അറിവുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്ന വിശാലമായ ലക്ഷ്യവും ഈ സംരംഭത്തിനുണ്ട്.

കുട്ടികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ, കുടുംബങ്ങൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും പ്രദർശനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഭക്ഷണത്തെ അറിയുക, കഴിക്കുന്നതിനെ ചോദ്യം ചെയ്യുക, ആരോഗ്യം സംരക്ഷിക്കുക എന്ന സന്ദേശമാണ് ഷുഗർ എക്സ്പോ മുന്നോട്ടുവയ്ക്കുന്നത്.