നബീസ വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ

 

മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതി ബഷീറിന് ഏഴ് വർഷം അധിക ശിക്ഷയും കോടതി വിധിച്ചു.

 

പ്രമാദമായ കൂടത്തായി കേസിനോട് സാമ്യതകള്‍ ഏറെയുളള തോട്ടര സ്വദേശിനിയായ നബീസ വധക്കേസിൽ 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷവിധിച്ചത്. പുണ്യമാസത്തില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം പദ്ധതിയിട്ടത് നബീസയുടെ പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്നാണ്. നോമ്പ് തുറക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് 71കാരിയായ നബീസയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ചീരക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു ആദ്യശ്രമം. ഇത് പാളിയെന്നുറപ്പായതോടെ രാത്രിയില്‍ ബലമായി വായിലേക്ക് വിഷം ഒഴിച്ചുനല്‍കി മരണം ഉറപ്പിച്ചു. ഒരു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് തൊട്ടടുത്ത് ദിവസം റോഡിലുപേക്ഷിച്ചു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു.മൃതദേഹം റോഡരികില്‍ കണ്ട കാര്യം ബഷീര്‍ തന്നെയായിരുന്നു പൊലീസിനോട് വിളിച്ചു പറഞ്ഞത്.കേസന്വേഷണത്തിനെന്ന വ്യാജേന പ്രതികളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 

അതേസമയം, നിരവധി കേസുകളില്‍ പ്രതിയായ ഫസീലയോട് നബീസക്കുണ്ടായിരുന്ന താത്പര്യക്കുറവാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തൃപ്പുണ്ണിത്തറയില്‍ പര്‍ദ്ദ ധരിച്ചെത്തി മുളകുപൊടി സ്‌പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസിലും,കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്‌ലാറ്റില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലുമടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഫസീല.വല്യുമ്മയുടെ താത്പര്യക്കുറവ് പ്രകോപനകാരണമായപ്പോള്‍ കൂട്ടുനിന്നത് സ്വന്തം ഭര്‍ത്താവും. ബഷീറിന്റെ രക്ഷിതാക്കളുടെ മരണത്തിലും ഫസീലക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. മെത്തോമൈന്‍ എന്ന വിഷപദാര്‍ത്ഥം നല്‍കി പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി ഉയര്‍ന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *