നവകേരള സർവേ തുടരാം: ഹൈകോടതി വിധിക്ക് സ്റ്റേ
ന്യൂഡൽഹി: കേരള സർക്കാറിന് നവകേരള സർവേയുമായി മുന്നോട്ടുപോകാം. പരിപാടി റദ്ദാക്കിയ കേരള ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഈ പരിപാടിക്കായി വരുന്ന ചെലവ് സംബന്ധിച്ച് പിന്നീട് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്.
കോടികൾ ചെലവഴിച്ച് സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും, അവ എങ്ങനെ മെച്ചപ്പെടുത്താമെന്നത് സംബന്ധിച്ചും ജനങ്ങളുടെ പ്രതികരണം ആരായുന്നതിൽ എന്താണ് കുഴപ്പമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും അദ്ദേഹം നിർദേശം നൽകി.
ഖജനാവിൽ നിന്നുള്ള കോടികൾ മുടക്കിയുള്ള പി.ആർ വർക്കാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. പാർട്ടി പ്രവർത്തകരെ വീടുതോറും അയച്ച് നടത്തുന്ന സർവേക്ക് 23 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ സർക്കാർ ചെലവിൽ നടത്തുന്ന പബ്ലിസിറ്റി പരിപാടിയാണ് ഇതെന്നായിരുന്നു വാദം. സർവേ നയപരമായ തീരുമാനമാണെന്നും, മന്ത്രിസഭക്ക് അതിനുള്ള അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.
