നീരജിന്റെ അമ്മ എന്റെയും അമ്മ; അവർ എനിക്കു വേണ്ടി പ്രാർഥിക്കുന്നു-അർഷദ് നദീം
ഇസ്ലാമാബാദ്: പാരിസ് ഒളിപിക്സ് ജാവലിൻ ത്രോയിൽ റെക്കോർഡോടെയാണ് പാകിസ്താൻ താരം അർഷദ് നദീം സ്വർണം സ്വന്തമാക്കിയത്. ഇന്ത്യയുടെ സുവർണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയെ പിന്നിലാക്കിയായിരുന്നു താരത്തിന്റെ നേട്ടം. എന്നാൽ, നീരജും നദീമും ഇവരുടെ കുടുംബങ്ങളും തമ്മിലുള്ള അതിർത്തി കടന്നുള്ള സൗഹൃദം എപ്പോഴും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിക്കാറുണ്ട്. ഏറ്റവുമൊടുവിൽ മെഡൽനേട്ടത്തിനുശേഷം ഇരുതാരങ്ങളുടെയും മാതാപിതാക്കൾ നടത്തിയ പ്രസ്താവനകൾ വലിയ സ്വീകാര്യത നേടിയിരുന്നു. Arshad Nadeem
ഇപ്പോഴിതാ നീരജിന്റെ അമ്മയുമായുള്ള ബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ് അർഷദ് നദീം. നീരജിന്റെ അമ്മ തന്റേതു കൂടിയാണെന്നായിരുന്നു താരം വ്യക്തമാക്കിയത്. അവർ തനിക്കു വേണ്ടിയും പ്രാർഥിക്കുന്നുണ്ടെന്നും നദീം സൂചിപ്പിച്ചു. നാട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു 27കാരൻ.
‘അമ്മമാർ എല്ലാവരുടേതുമാണ്. അതുകൊണ്ടാണ് അവർ എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നത്. നീരജിന്റെ അമ്മയോട് കടപ്പാടുണ്ട്. അവർ എന്റെ അമ്മ കൂടിയാണ്. അവർ ഞങ്ങൾക്കു വേണ്ടി പ്രാർഥിച്ചു. ലോകതലത്തിൽ മികച്ച പ്രകടനം നടത്തിയ ദക്ഷിണേഷ്യയിൽനിന്നുള്ള രണ്ടു താരങ്ങളാണ് ഞങ്ങൾ.’-ഞായറാഴ്ച ഇസ്ലാമാബാദിൽ വിമാനമിറങ്ങിയ താരം പാക് മാധ്യമങ്ങളോട് മനസ്സുതുറന്നു.
നീരജ് തനിക്കു മകനെപ്പോലെയാണെന്നായിരുന്നു മെഡൽനേട്ടത്തിനു പിന്നാലെ നദീമിന്റെ മാതാവ് റസിയ പർവീൺ പ്രതികരിച്ചത്. അവർ നദീമിന്റെ സുഹൃത്താണ്. നീരജ് മെഡൽ സ്വന്തമാക്കാൻ പ്രാർഥിക്കാറുണ്ട്. ജയവും പരാജയവുമെല്ലാം കളിയുടെ ഭാഗമാണ്. പക്ഷേ, അവർ സഹോദരങ്ങളെപ്പോലെയാണെന്നും റസിയ പറഞ്ഞു. സ്വർണം നേടിയതും ഞങ്ങളുടെ മകനായതിനാൽ ഈ വെള്ളിയിൽ ഏറെ സന്തോഷമുണ്ടെന്നായിരുന്നു നീരജിന്റെ അമ്മ സരോജ് ദേവിയുടെ പ്രതികരണം. എല്ലാവരും അത്ലെറ്റുകളാണ്. എല്ലാവരും നന്നായി അധ്വാനിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
2016ലെ ഗുവാഹത്തി ഏഷ്യൻ ഗെയിംസിലാണ് നീരജും നദീമും ആദ്യമായി നേരിൽ കാണുന്നത്. ഇതിനുശേഷം പലതവണ ഇരുവരും അന്താരാഷ്ട്രതലത്തിൽ നേർക്കുനേർ ഏറ്റുമുട്ടി. ഈ പരിചയമാണ് പിന്നീട് അടുത്ത സൗഹൃദമായി മാറുന്നത്. ഇതുവരെ പത്ത് അന്താരാഷ്ട്ര കായിക മാമാങ്കങ്ങളിൽ നീരജും നദീമും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിലേറെ തവണയും മുന്നിൽ നീരജ് തന്നെയായിരുന്നു. എന്നാൽ, ആ വിജയങ്ങളിലൊന്നും നദീമിനെ മറക്കുകയോ അവഗണിക്കുകയോ ചെയ്തില്ല നീരജ്. ഏറ്റവുമൊടുവിൽ 2021ലെ ടോക്യോ ഒളിംപിക്സിലാണ് ആ സൗഹൃദ കഥ പുറംലോകമറിയുന്നത്. അതുപക്ഷേ, സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങൾക്കൊടുവിലായിരുന്നുവെന്നു മാത്രം.
ഒളിംപിക്സിൽ മത്സരത്തിനു മുന്നോടിയായി നീരജിന്റെ ജാവലിൻ എടുത്തായിരുന്നു നദീം പരിശീലിച്ചിരുന്നത്. അതു സോഷ്യൽ മീഡിയയിൽ ചർച്ചയായി. മത്സരത്തിനു മുൻപ് കൃത്രിമം കാണിക്കാൻ വേണ്ടിയാണ് പാകിസ്താന്റെ താരം നീരജിന്റെ ജാവലിൻ കൈയിലെടുത്തതെന്ന തരത്തിലായിരുന്നു പ്രചാരണം.
ഒടുവിൽ നീരജ് തന്നെ നദീമിനെ പിന്തുണച്ചു രംഗത്തെത്തി. നിങ്ങളുടെ വൃത്തികെട്ട അജണ്ടകളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നായിരുന്നു നീരജ് അന്നു തുറന്നടിച്ചത്. നദീം തന്റെ ജാവലിൻ പരിശീലനത്തിനായി ഉപയോഗിച്ചതിൽ ഒരു തെറ്റുമില്ലെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ വർഷം ബുഡാപെസ്റ്റിൽ നദീം സ്വർണം നേടിയപ്പോൾ നീരജിനൊപ്പം ഇന്ത്യൻ പതാകയിൽ പൊതിഞ്ഞ് ഫോട്ടോയ്ക്കു പോസ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാരിസിലും ചരിത്രം തിരുത്തിക്കുറിച്ചപ്പോൾ പ്രിയ സുഹൃത്തിനെ ചേർത്തുനിർത്തി ഫോട്ടോയ്ക്കു പോസ് ചെയ്യാനും നദീം മറന്നില്ല.