സ്റ്റേഷനിലും പോയില്ല, ഡ്യൂട്ടിയും ചെയ്തില്ല; കോണ്‍സ്റ്റബിള്‍ 12 വര്‍ഷം കൊണ്ട് സമ്പാദിച്ചത് 28 ലക്ഷം രൂപ

station

ഭോപ്പാല്‍: ഡ്യൂട്ടി ചെയ്യാതെ മധ്യപ്രദേശിലെ പൊലീസ് ഉദ്യാഗസ്ഥന്‍ 12 വര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത് 28 ലക്ഷം രൂപ. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ പൊലീസ് ഉദ്യാഗസ്ഥനാണ് ഡ്യൂട്ടിയില്‍ ഹാജരാകാതെ ശമ്പളം വാങ്ങി കൊണ്ടിരുന്നത്. വകുപ്പുതല അനാസ്ഥയുടെ ഞെട്ടിപ്പിക്കുന്ന കേസാണിത്.station

2011 ല്‍ മധ്യപ്രദേശ് പൊലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട കോണ്‍സ്റ്റബിളിനെ ആദ്യം ഭോപ്പാല്‍ പൊലീസ് ലൈനിലേക്ക് നിയമിച്ചു. ജോയിന്‍ ചെയ്ത് അധികം താമസിക്കാതെ തന്നെ സാഗര്‍ പൊലീസ് ട്രെയിനിങ് സെന്ററിലേക്ക് ട്രെയിനിങ്ങിന് അയച്ചു. എന്നാല്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം വിദിഷയിലെ വീട്ടിലേക്ക് കോണ്‍സ്റ്റബിള്‍ തിരിച്ചുപോയെന്ന് എസിപി അങ്കിത ഖതേര്‍ക്കര്‍ പറഞ്ഞു.

എന്നാല്‍ മേലുദ്യാഗസ്ഥരെ അറിയിക്കുകയോ അവധി തേടുന്നതിനോ പകരം തന്റെ സേവന രേഖ സ്പീഡ് പോസ്റ്റ് വഴി ഭോപ്പാല്‍ പൊലീസിലേക്ക് കോണ്‍സ്റ്റബിള്‍ അയച്ചു. ഉദ്യാഗസ്ഥന്റെ സാന്നിധ്യമോ ട്രെയിനിങ് സ്റ്റാറ്റസോ പരിശോധിക്കാതെയാണ് രേഖകള്‍ സ്വീകരിച്ചതെന്ന് എസിപി പറഞ്ഞു. പരിശീലന കേന്ദ്രത്തില്‍ ആരും ഉദ്യാഗസ്ഥന്റെ അഭാവം റിപ്പോര്‍ട്ട് ചെയ്തില്ല.

മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഒരിക്കല്‍ പോലും കോണ്‍സ്റ്റബിള്‍ ഡ്യൂട്ടിക്ക് പ്രവേശിച്ചില്ല. എന്നിട്ടും അദ്ദേഹത്തിന്റെ പേര് റെക്കോര്‍ഡില്‍ തുടര്‍ന്നു. ഒരിക്കല്‍ പോലും മുടങ്ങാതെ മാസ ശമ്പളവും ലഭിച്ചു. കാലക്രമേണ പൊലീസ് സ്റ്റേഷന്റെയും ട്രെയിനിങ് ഗ്രൗണ്ടിന്റെയും പടി ചവിട്ടാതെ കോണ്‍സ്റ്റബിള്‍ ഏകദേശം 28 ലക്ഷത്തില്‍ അധികം രൂപ നേടി.

2023 ല്‍ 2011 ബാച്ചിന്റെ പേ ഗ്രേഡ് വിലയിരുത്തിയപ്പോഴാണ് ഇത്രയും വലിയ അപാകത കണ്ടെത്തിയത്. ഡിപ്പാര്‍ട്‌മെന്റിലുള്ള ആര്‍ക്കും കോണ്‍സ്റ്റബിളിന്റെ മുഖം പോലും ഓര്‍മയിലില്ല. ആഭ്യാന്തര അന്വേഷണങ്ങളില്‍ കോണ്‍സ്റ്റബിളിന്റെ മുന്‍കാല രേഖകളോ സര്‍വീസ് റിട്ടേണുകളോ കണ്ടെത്താന്‍ ഉദ്യാഗസ്ഥര്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍ കോണ്‍സ്റ്റബിളിനെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കോണ്‍സ്റ്റബിള്‍ അവകാശപ്പെട്ടതായി എസിപി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇയാള്‍ സമര്‍പ്പിച്ചു.

പുതുക്കിയ പൊലീസ് നിയമങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആരോഗ്യനില മോശമായിരുന്നുവെന്നും കോണ്‍സ്റ്റബിള്‍ പറഞ്ഞു. 1.5 ലക്ഷം രൂപ കോണ്‍സ്റ്റബിള്‍ ഡിപ്പാര്‍ട്‌മെന്റിലേക്ക് ഇതുവരെ തിരികെ നല്‍കി. ബാക്കി തുക തന്റെ ശമ്പളത്തില്‍ നിന്നും പിടിക്കാനും ആവശ്യപ്പെട്ടു. നിലവില്‍ ഭോപ്പാല്‍ പൊലീസ് ലൈനിലാണ് ഇയാള്‍ നിരീക്ഷണത്തിലുള്ളതെന്നും എസിപി പറഞ്ഞു.

അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ സാക്ഷിമൊഴികള്‍ ശേഖരിക്കുകയാണെന്നും ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി. മുതിര്‍ന്ന പൊലീസ് ഉദ്യാഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്ന പൊലീസ് ഉദ്യാഗസ്ഥരുടെ പേരില്‍ കര്‍ശന നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *