തൊണ്ടയിൽ അടപ്പ് കുടുങ്ങിയ കുഞ്ഞിന് മെഡിക്കൽ കോളജിൽ പുതുജീവൻ

മഞ്ചേരി: തൊണ്ടയിൽ അടപ്പ് കുടുങ്ങി മെഡിക്കൽ കോളജാശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് പുതുജീവൻ. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളായ ദമ്പതികളുടെ 10 മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനാണ് മെഡിക്കൽ കോളജ് ഡോക്ടർമാരും നഴ്സുമാരും രക്ഷകരായത്.

ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കുടുംബം ആശുപത്രിയിലെത്തിയത്. വീട്ടിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സവും നിലത്ത് കിടന്ന് കുഞ്ഞ് പിടയുന്നതും ശ്രദ്ധയിൽപ്പെട്ട കുടുംബം കുഞ്ഞിനെയും കൊണ്ട് ആദ്യം ആനക്കയത്തെ ക്ലിനിക്കിലെത്തി. എന്നാൽ ഇവിടെ നിന്ന് മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.

ശ്വാസതടസ്സത്തിനൊപ്പം തൊണ്ടയിൽ നിന്ന് രക്തവും വരുന്ന നിലയിലാണ് അത്യാഹിത വിഭാഗത്തിലെത്തിയത്. അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ, നഴ്സുമാരായ ഉമ്മർ, ജയശ്രീ, നസീബ എന്നിവരങ്ങിയ സംഘം പരിശ്രമത്തിനൊടുവിൽ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ അടപ്പ് പുറത്തെടുക്കുകയായിരുന്നു.

തൊണ്ടയിൽ പൂർണമായും അടഞ്ഞ് നിന്നിരുന്ന അടപ്പ് എടുത്തതോടെ കുഞ്ഞ് പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നു. തുടർന്ന് നിരീക്ഷണത്തിനായി കുട്ടികളുടെ വാർഡിലേക്ക് മാറ്റി. കൃത്യസമയത്ത് കുട്ടിയെ അത്യാഹിത വിഭാഗത്തിൽ എത്തിക്കാൻ സാധിച്ചതോടെയാണ് കുഞ്ഞിന് ജീവൻ തിരികെ ലഭിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ചെറിയ കുട്ടികളുടെ കൈയിൽ വായില്‍ കൊള്ളുന്ന രീതിയിലുള്ള ചെറിയ കളികോപ്പുകളോ മറ്റോ നൽകരുതെന്നും ഇക്കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ് പറഞ്ഞു.