പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ; സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി
പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ (മെമു) അനുവദിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് പുതിയ ട്രെയിൻ അനുവദിച്ച വിവരം അറിയിച്ചത്. ദീർഘനാളത്തെ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത് എന്ന് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
പുതിയ ട്രെയിൻ അനുവദിച്ചത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് അറിയിപ്പ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു. റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക കുറിപ്പും അദ്ദേഹം പങ്കുവെച്ചു. നിലവിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മൂന്ന് ട്രെയിനുകൾ മാത്രമാണ് ഉള്ളത്. പുതിയ ട്രെയിനിന്‍റെ സമയവും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
സുരേഷ് ഗോപിയുടെ കുറിപ്പ്
പ്രിയപ്പെട്ടവരേ,
നമ്മുടെ പാലക്കാട് -പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് വേണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് ഇപ്പോൾ അംഗീകാരമായിരിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയിൽ നിന്നും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ച വിവരം നിങ്ങളെ ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.
യാത്രക്കാരുടെ സൗകര്യാർത്ഥം ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കുകയും വേഗത്തിൽ നടപടി സ്വീകരിക്കുകയും ചെയ്ത കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ജനക്ഷേമത്തിനായി നമ്മൾ നടത്തിയ ഇടപെടലുകൾ ഫലം കാണുന്നതിൽ അതിയായ സന്തോഷം. വികസനത്തിന്റെ പാതയിൽ നമുക്ക് ഒരുമിച്ച് മുന്നേറാം.
