പുതുവർഷം: അതിർത്തിയിൽ വാഹന പരിശോധന

നിലമ്പൂർ: പുതുവത്സരത്തോടനുബന്ധിച്ച് കേരള അതിർത്തിയായ വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ കർശന വാഹന പരിശോധന. പുതുവത്സരം ആഘോഷമാക്കുന്നതിന് ലഹരി ഇറക്കുമതി തടയുന്നതിന്റെ ഭാഗമായാണ് പരിശോധന കർശനമാക്കിയത്.
മലപ്പുറത്തുനിന്നും പൊലീസ് ഡോഗ് ലൈക്കയാണ് അതിർത്തിയിൽ എത്തിയെത്. എക്സൈസ് ഇൻസ്പെക്ടർ കെ.അഭിലാഷ്, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പി.വി. സുഭാഷ്, അബ്ദുൽ സമദ്, പ്രിവന്റീവ് ഓഫിസർ എ.അജു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. നാടുകാണി ചുരം ഇറങ്ങിവരുന്ന കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ പരിശോധന നടത്തി. ബസിലെ യാത്രകാരുടെ ബാഗുകൾ, മറ്റു ലഗേജുകൾ, വാഹനങ്ങൾ എല്ലാം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് ചെക്ക്പോസ്റ്റിന് സമീപം സ്പെഷൽ പൊലീസ് ചെക്ക് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ചുരം ഇറങ്ങി വരുന്ന ചെറുതും വലുതുമായ എല്ലാ വാഹനങ്ങളുടെയും നമ്പറുകൾ, വാഹന ഡ്രൈവറുടെ വിലാസം, ഫോൺനമ്പർ എന്നിവ പരിശോധനക്കൊപ്പം പൊലീസ് രേഖപ്പെടുത്തുന്നുമുണ്ട്. പുതുവത്സരം കഴിയുന്നതുവരെ പൊലീസിന്റെ സ്പെഷൽ ചെക്ക് പോസ്റ്റ് പ്രവർത്തിക്കും.
