ഫ്രാൻസിലെ കാസ്റ്റൽ സാഗ്രാട്ടിൽ നടന്ന കുതിരയോട്ട മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് നിദ അൻജൂം

മലപ്പുറത്തിന്റെ മിടുക്കി, ഇന്ത്യയുടെ പേര് ലോകശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുന്ന വിദ്യാർത്ഥിനി, നിദ അൻജൂം. ലോകത്തിലെ ഏറ്റവും ആദരണീയ ചാമ്പ്യൻഷിപ്പുകളിലൊന്നായ, ഫ്രാൻസിലെ കാസ്റ്റൽ സാഗ്രാട്ടിൽ നടന്ന കുതിരയോട്ട മത്സരത്തിൽ, നാലു ഘട്ടങ്ങളും ആദ്യമായി തരണം ചെയ്‌ത ഇന്ത്യക്കാരി ആയിരിക്കുകയാണ് ബർമിംഗ്ഹാം സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയായ ഈ തിരൂർ സ്വദേശിനി.

കാട്ടുവഴികളും പാറക്കെട്ടുകളും ജലാശയങ്ങളും ഉൾക്കൊള്ളുന്ന 120 കിലോമീറ്റർ ദൈർഘ്യമുളള അതിദുർഘടമായ മത്സരപാതയിലൂടെ 25 രാജ്യങ്ങളിൽ നിന്നുള്ള എഴുപതോളം താരങ്ങളെ പിന്നിട്ടാണ് ‘എപ്സിലോൺ സാലോ’ എന്ന തന്റെ പ്രിയപ്പെട്ട കുതിരയുമായി ഇരുപത്തൊന്നുകാരി നിദ ചരിത്രം കുറിച്ചിരിക്കുന്നത്. ഈ മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് നിദ.

മത്സരത്തിൽ വേഗതയോളം തന്നെ പ്രധാനമാണ് സഞ്ചരിക്കുന്ന കുതിരയുടെ ആരോഗ്യം സംരക്ഷിക്കൽ. ഓടിക്കുന്ന ആളിന്റെയും കുതിരയുടെയും ഹൃദയതാളം ഒന്നായിത്തീരണം. മത്സരത്തിനിടെ കുതിര ക്ഷീണിച്ചതായി വെറ്റനറി സർജന്മാർ പരിശോധനയിൽ കണ്ടെത്തിയാൽ മത്സരാർത്ഥി പുറത്താണ്. നാലുഘട്ട പരിശോധനയിലും അതിനു പഴുതുണ്ടാക്കാതെയാണ് ദീർഘദൂര കുതിരയോട്ടം നിദ പൂർത്തിയാക്കിയതെന്നത് ആവേശകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *