നിതിന്‍ രാജിന്റെ മരണം: ലോൺ ആപ്പിന്റെ പേരിൽ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് കുടുംബം
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് കുടുംബം. ഓൺലൈന്‍ ആപ്പുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത് കേസ് വഴിതരിച്ചുവിടാനെന്നാണ് കുടുംബം ആരോപിച്ചത്. അതേ സമയം നിതിൻ രാജ് ലോൺ ആപ്പിൽനിന്ന് പണം കടമെടുത്തത് തന്റെ അറിവോടെയാണെന്ന് പിതാവ് രാജൻ അറിയിച്ചു. അമ്മയുടെ ചികിത്സക്കുവേണ്ടിയാണ് കടംവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ലോൺ സംബന്ധിച്ച പൊലീസ് പരാമർശങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽനിന്ന് വീണ നിലയിൽ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പറയുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നു. സംഭവത്തിൽ ആരോപണവിധേയരായ ദന്തൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോ. പ്രഫ. ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിതിന്റെ മരണത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തി. ‘‘തെരുവ് പട്ടി അല്ലേ നീ’’ എന്ന് നിതിനോട് ചോദിച്ചിരുന്നു. ഇവിടെ പഠിക്കാൻ എന്ത് അർഹതയുണ്ടെന്നും ചോദിച്ചിരുന്നു. അധിക്ഷേപം നേരിട്ടപ്പോൾ ഒരുതവണ പ്രതികരിച്ചു. അതോടെ സ്ഥിരമായി അപമാനിക്കാൻ തുടങ്ങി. നിതിൻ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി ഭർത്താവ് അശോക് കുമാർ പറഞ്ഞു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്.ഒ.ഡി അധിക്ഷേപിച്ചതായി നിതിന്റെ പിതാവ് രാജന് ആരോപിച്ചു. കുട്ടിയെ ‘‘പുഴുത്ത പട്ടി’’ എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്സ് റാഗിങ് ചെയ്തെന്നും ആരോപണമുണ്ട്.
അത സമയം നിതിന്റെ മരണത്തിൽ പ്രതിഷേധിച്ച് പത്തോളം സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തി. ശക്തമായ പൊലീസ് കാവലിനിടെ പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ട് കോളജ് വളപ്പിൽ പ്രവേശിച്ചു. കോളജിന്റെ പ്രധാന കവാടത്തിലെത്തിലെത്തിയ സമരക്കാർ ജനൽ ചില്ലുകളും ചെടിച്ചട്ടികളും തകർത്തു. പ്രിൻസിപ്പലിനെ കാണാൻ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് കവാടത്തിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസുമായി ഉന്തുംതള്ളുമായി. 12.30 ഓടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ സമരവുമായെത്തിയത്. വിഷയത്തിൽ കഴിഞ്ഞദിവസങ്ങളിൽ പ്രതിഷേധത്തിന് മടിച്ചുനിന്ന വിദ്യാർഥി, യുവജന സംഘടനകൾ ഇന്ന് ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. രാവിലെ കെ.എസ്.യു പ്രവർത്തകരാണ് സമരത്തിന് തുടക്കം കുറിച്ചത്. ഇതിനു പിന്നാലെ എം.എസ്.എഫ്, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടകളും പ്രതിഷേധവുമായി എത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് ശ്യാമളയുടെ നേതൃത്വത്തിലായിരുന്നു സരമം. ഡി.വൈ.എഫ്.ഐ സമരം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് പ്രവർത്തകരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. ബി.ജെ.പിയും പ്രതിഷേധവുമായി എത്തി. ഇതിനു പിന്നാലെയാണ് എസ്.എഫ്.ഐ എത്തിയത്.
രാവിലെ കെ.എസ്.യു പ്രവർത്തകരും പൊലിസ് ബാരിക്കേഡ് മറികടന്ന് കോളജിലേക്ക് തള്ളിക്കയറി പ്രതിഷേധിക്കുകയും പൊലീസുമായി സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഏറെ നേരത്തെ ശക്തമായ പ്രതിഷേധത്തിനും പ്രതിരോധത്തിനും ഒടുവിൽ പൊലീസ് സമരക്കാരെ കസ്റ്റഡിയിലെടുത്തു നീക്കുകയായിരുന്നു. രാവിലെ ഒമ്പതിന് പൊലിസ് കോളജിനു പുറത്ത് ബാരിക്കേഡ് തീർത്ത് സുരക്ഷ ഒരുക്കുന്നതിനിടെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി കോളജിലേക്ക് വളപ്പിലേക്ക് ഇരച്ചുകയറിയത്. കോളജിന്റെ പ്രധാന കവാടത്തിന് മുന്നിലെത്തിയ പ്രവർത്തകരെ പൊലിസ് തടഞ്ഞു. ഇത് പൊലീസും പ്രവർത്തകരും തമ്മിൽ കൈയാങ്കളിയിലെത്തി. തുടർന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. വിവിധ വിദ്യാർഥി സംഘടകൾ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നതിനാൽ കോളജ് പരിസരത്ത് വൻ തോതിൽ പൊലീസിനെ വ്യന്യസിച്ചിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പട്ടികജാതി വകുപ്പ് ഓഫീസർ, സബ് കലക്ടർ എന്നിവർ ഇന്ന് രാവിലെ കാമ്പസിലേക്ക് എത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
