എന്‍.എം വിജയന്‍റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ MLAയെ പ്രതി ചേര്‍ത്തു

NM Vijayan's suicide; IC Balakrishnan MLA was added as accused

 

വയനാട്: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിചേർത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ, കെ.കെ ഗോപിനാഥൻ എന്നിവരും പ്രതികളാണ്.

അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്ത പൊലീസ് കഴിഞ്ഞദിവസം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നു. കുടുംബത്തിന്‍റെ മൊഴിയുടെയും വിജയന്‍റേതായി പുറത്തുവന്ന കത്തിന്‍റെയും വെളിച്ചത്തിലായിരുന്നു നടപടി.

സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്ന് വിജയൻ ഇടനിലക്കാരനായി ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു. കോൺഗ്രസിനെ വെട്ടിലാക്കി നിയമന കോഴ സംബന്ധിച്ച കരാർ രേഖ പുറത്തുവന്നിരുന്നു. സുൽത്താൻബത്തേരി സ്വദേശിയായ പീറ്ററിൽ നിന്ന് മകന് ജോലി നൽകാമെന്ന വ്യവസ്ഥയിൽ 30 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് 2019 ഒക്ടോബറിൽ ഒപ്പിട്ട രേഖ. ആത്മഹത്യ ചെയ്ത എൻ.എം.വിജയൻ രണ്ടാംകക്ഷിയായ കരാർ ഒപ്പിട്ടിരിക്കുന്നത് അന്നത്തെ ഡിസിസി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണനു വേണ്ടിയാണ്. ഈ ആരോപണങ്ങൾ സുൽത്താൻബത്തേരി എംഎൽഎയായ ഐ.സി ബാലകൃഷ്ണൻ ശക്തമായി നിഷേധിച്ചിരുന്നു.

ഡിസംബര്‍ 27നാണ് വിജയനും ഇളയ മകൻ ജിജേഷും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 24ന് ഇരുവരെയും മണിച്ചറിയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ താലൂക്ക്​ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *