‘രാജ രാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി നടന്നിട്ടില്ല’; ഡി.കെ ശിവകുമാറിന്‍റെ വാദം തള്ളി മന്ത്രി കെ. രാധാകൃഷ്ണന്‍
തിരുവനന്തപുരം: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്‍റെ ശത്രുസംഹാര പൂജ പരാമര്‍ശത്തില്‍ പ്രതികരിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍. ശിവകുമാര്‍ ഉന്നയിച്ചത് വലിയ ആരോപണമാണ്. തളിപ്പറമ്പിലെ രാജ രാജേശ്വര ക്ഷേത്രം ദേവസ്വം ബോർഡുമായി സംസാരിച്ചപ്പോള്‍ ഇത്തരമൊരു മൃഗബലി നടന്നിട്ടില്ലെന്നാണു വ്യക്തമായതെന്ന് മന്ത്രി അറിയിച്ചു. DK Shivakumar
ആരോപണത്തില്‍ രാജ രാജേശ്വര ക്ഷേത്രം ദേവസ്വം ബോർഡുമായി സംസാരിച്ചു. ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട് കിട്ടിയത്. എന്തുകൊണ്ട് അദ്ദേഹം അങ്ങനെ പറഞ്ഞുവെന്നതു പരിശോധിക്കണം. വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പ്രാഥമികാന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.
കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിൽ മൃഗബലി അടക്കമുള്ള ശത്രു ഭൈരവീ യാഗം നടത്തിയെന്നായിരുന്നു കർണാടക സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാർ ആരോപിച്ചത്. യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി. പരാമർശം വിവാദമായതോടെ സംഭവം നടന്നത് കേരളത്തിലല്ലെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. വാക്കുകൾ വളച്ചൊടിച്ചെന്നും കണ്ണൂർ തളിപ്പറമ്പ് ക്ഷേത്രത്തിന് 15 കി.മീറ്റർ അകലെയുള്ള സ്ഥലത്താണു പൂജ നടന്നതെന്നും ശിവകുമാര്‍ വിശദീകരിച്ചു.
ഡി.കെ ശിവകുമാർ പറഞ്ഞത് ഭ്രാന്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ഡി.കെ ശിവകുമാർ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പരിഹസിക്കുകയാണ്. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം എന്നൊരു ക്ഷേത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.