‘ബിഎംഡബ്ല്യു വേണ്ട, എന്റെ കാര്‍ മാരുതി 800 ആണ്’; പ്രധാനമന്ത്രിയുടെ ബിഎംഡബ്ല്യുവിനേക്കാള്‍ സ്വന്തം മാരുതി 800നെ സ്‌നേഹിച്ച മന്‍മോഹന്‍ സിങ്

No BMW, my car is Maruti 800

 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ലാളിത്യത്തെ സൂചിപ്പിക്കുന്ന നിരവധി അനുഭവങ്ങളാണ് പലരും പങ്കുവെക്കുന്നത്. ഇത്തരത്തില്‍ ഒരു അനുഭവമാണ് ബിജെപി നേതാവ് അസിം അരുണും വ്യക്തമാക്കിയത്. മന്‍മോഹന്‍ സിങിന്റെ സ്വകാര്യ വാഹനമായ മാരുതി 800 മായി ബന്ധപ്പെട്ട സംഭവമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അസിം പങ്കുവെച്ചത്.

മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അസിം അരുണ്‍. 2004 മുതല്‍ മൂന്ന് വര്‍ഷത്തോളം ഡോ. മന്‍മോഹന്‍ സിങിന്റെ ബോഡിഗാര്‍ഡായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിഴല്‍പോലെ ഒപ്പം നില്‍ക്കുക എന്നതായിരുന്നു തന്റെ ഉത്തരവാദിത്വമെന്നും അസിം പറയുന്നു. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഭാഗമായി ഒരാള്‍ക്ക് മാത്രമെ അദ്ദേഹത്തിനൊപ്പം നില്‍ക്കുവാന്‍ കഴിയുമായിരുന്നുള്ളുവെന്നും തലവന്‍ എന്ന നിലയില്‍ അത് താനായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

മന്‍മോഹന്‍ സിങിന് ഒരു കാറേ ഉണ്ടായിരുന്നുള്ളു. ഒരു മാരുതി 800. പ്രധാനമന്ത്രിയുടെ വസതിയിലെ തിളങ്ങുന്ന കറുത്ത ബിഎംഡബ്ല്യുവിന് പിന്നിലായിരുന്നു അത് എപ്പോഴും ഉണ്ടായിരുന്നത്. മാരുതി കാറിലാണ് സഞ്ചരിക്കാന്‍ ഇഷ്ടം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ബിഎംഡബ്ല്യു ആഢംബരത്തിന് വേണ്ടിയല്ല, സുരക്ഷ കാരണങ്ങളാലാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹത്തിന് ഞാന്‍ വിശദീകരിച്ചു കൊടുക്കും. എന്നിരുന്നാലും അസിം, എനിക്ക് ബിഎംഡബ്ല്യുവില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമല്ല, സാധാരണക്കാരെ പരിപാലിക്കുകയാണ് തന്റെ ജോലി. എന്റെ കാര്‍ മാരുതിയാണ്. ബിഎംഡബ്ല്യു പ്രധാനമന്ത്രിക്കുള്ളതാണ്. അദ്ദേഹം ആവര്‍ത്തിക്കും – അസിം വ്യക്തമാക്കി. നിലവില്‍ ഉത്തര്‍പ്രദേശിലെ കനൗജ് സദറില്‍ നിന്നുള്ള എംഎല്‍എയാണ് അസിം അരുണ്‍.

അതേസമയം, ഡോ മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം നാളെ രാജ്ഘട്ടിന് സമീപം നടക്കും. എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും രാജ്ഘട്ടിലേക്ക് കൊണ്ട് പോകുക.

Leave a Reply

Your email address will not be published. Required fields are marked *