ഇനി ട്രെയിന്‍ ടിക്കറ്റ് കാന്‍സലാക്കേണ്ട… പേരും ഡേറ്റും മാറ്റാന്‍ കഴിയും

എവിടെയെങ്കിലുമൊക്കെ പോകണമെന്ന് കരുതി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം യാത്ര മുടങ്ങിയ അനുഭവം ഉണ്ടായിട്ടില്ലേ? ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന അവസ്ഥയും പലര്‍ക്കും സംഭവിച്ചിരിക്കാം. എന്നാല്‍ അത്തരമൊരു പ്രതിസന്ധിയെ മറികടക്കാന്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ദശലക്ഷക്കണക്കിന് യാത്രക്കാര്‍ ദിവസവും യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ റെയില്‍വേയില്‍ പലപ്പോഴും യാത്രാടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാറുണ്ട്. എന്നാല്‍, അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ കാരണം യാത്രകള്‍ മുടങ്ങിപ്പോകാറുമുണ്ട്. ചിലപ്പോള്‍ മറ്റൊരു ഡേറ്റിലേക്ക് യാത്ര മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. സ്വാഭാവികമായും അത്തരം സാഹചര്യങ്ങളില്‍ ഉയര്‍ന്നു വരുന്ന തികച്ചും ന്യായമായ ഒരു ചോദ്യമുണ്ട്. ട്രെയിന്‍ ടിക്കറ്റ് മറ്റൊരാള്‍ക്ക് പേര് മാറ്റി കൈമാറാനാകുമോ? ഡേറ്റ് മാറ്റാന്‍ പറ്റുമോ?

ഇല്ല എന്നായിരിക്കും മിക്ക ആളുകളുടെയും ഉത്തരം. എന്നാല്‍, അത്തരത്തില്‍ പ്രയാസപ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ആശ്വാസമേകിക്കൊണ്ട് ഒരു പ്രത്യേക വ്യവസ്ഥ ഇനി മുതല്‍ ഇന്ത്യന്‍ റെയില്‍വേയിലുണ്ട്.

ബുക്ക് ചെയ്ത ടിക്കറ്റിലെ പേര് മാറ്റാന്‍ കഴിയും. അതിനായി ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ടിക്കറ്റ് കൈമാറാനാകുക. കൃത്യസമയത്ത് അതേ റെയില്‍വേ കൗണ്ടറില്‍ നിന്ന് തന്നെ ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ടിക്കറ്റ് കൈമാറാനാകില്ല.

നിയമപ്രകാരം, യാത്രയ്ക്ക് ഒരു മണിക്കൂര്‍ മുമ്പെങ്കിലും പേര് മാറ്റാനുള്ള അഭ്യര്‍ഥന നടത്തിയിരിക്കണം. ഒരു ടിക്കറ്റില്‍ ഒരിക്കല്‍ മാത്രമേ പേര് മാറ്റാന്‍ അനുവാദമുള്ളൂ. ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം അവസാന നിമിഷത്തില്‍ യാത്ര ചെയ്യാനാകാത്തവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്. നിബന്ധനങ്ങള്‍ പാലിച്ച് കുടുംബാംഗങ്ങള്‍ക്ക് അവരുടെ സ്ഥാനത്ത് യാത്ര തുടരാം. ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലോ ആര്‍എസി സ്റ്റാറ്റസിലോ ആണെങ്കില്‍ പേര് മാറ്റാന്‍ കഴിയില്ല.

ടിക്കറ്റിലെ പേര് മാറ്റണമെങ്കില്‍ എന്തെല്ലാം രേഖകള്‍ വേണം?

ഈ പ്രക്രിയ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ടിക്കറ്റ് ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പോലും പേര് മാറ്റണമെന്നുണ്ടെങ്കില്‍ യാത്രക്കാരന്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ പോകേണ്ടതുണ്ട്. പുതിയ യാത്രക്കാരനെ ചേര്‍ക്കുന്നതിനായി പേര് മാറ്റുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ കൗണ്ടറില്‍ ടിക്കറ്റിന്റെ പ്രിന്റൗട്ട് നല്‍കേണ്ടതുമുണ്ട്.

യാത്ര മുടങ്ങിപ്പോയ ആളിന്റെയും പുതിയ യാത്രക്കാരന്റെയും ഫോട്ടോയോടുകൂടിയ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി പോലുള്ള തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കണം.

ട്രെയിന്‍ ടിക്കറ്റിലേ ഡേറ്റ് മാറ്റാന്‍ കഴിയുമോ?

ടിക്കറ്റുകളിലെ യാത്ര ചെയ്യുന്ന ഡേറ്റും ഇനി മാറ്റാന്‍ കഴിയും. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് ഇത് സാധ്യമല്ല. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പെങ്കിലും റിസര്‍വേഷന്‍ കൗണ്ടറില്‍ എത്തിയാല്‍ മാത്രമാണ് ഡേറ്റ് മാറ്റാന്‍ കഴിയുകയുള്ളു. ഒറിജിനല്‍ ടിക്കറ്റും കൂടെ ഡേറ്റ് മാറ്റാനുള്ള അപേക്ഷയും നല്‍കണം. ശേഷം യാത്ര ചെയ്യാനുള്ള പുതിയ ഡേറ്റും നല്‍കുക. ഈ ക്രമീകരണങ്ങള്‍ നടത്തിയാല്‍ പുതിയ ഡേറ്റിലുള്ള ടിക്കറ്റ് ലഭിക്കും. ആര്‍ എ സി ടിക്കറ്റുകള്‍ക്കോ സ്ഥിരീകരിച്ച ടിക്കറ്റുകള്‍ക്കോ മാത്രമാണ് ഡേറ്റ് മാറ്റാന്‍ കഴിയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *