ജോലിക്കെത്തിയില്ലെങ്കിൽ ശമ്പളമില്ല; സർക്കാർ ജീവനക്കാർക്ക് പുതിയ നയവുമായി മണിപ്പൂർ സർക്കാർ

ഇംഫാൽ: ഓഫിസിൽ ഹാജരാകാത്ത ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതില്ലെന്ന് മണിപ്പൂർ സർക്കാർ. സംസ്ഥാനത്തെ നിലവിലെ സാഹചര്യം കാരണം ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാരുടെ വിശദാംശങ്ങൾ നൽകാൻ പൊതുഭരണ വകുപ്പിനോട് (ജി.എ.ഡി) സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് തീരുമാനം.

 

ഒരു ലക്ഷം സർക്കാർ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യം കാരണം ഔദ്യോഗിക ഡ്യൂട്ടിക്ക് ഹാജരാകാൻ സാധിക്കാത്ത ജീവനക്കാരുടെ പദവി, പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ ജനറൽ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്‌മെന്റിന് നൽകണമെന്ന് എല്ലാ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരോടും നിർദേശിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ജീവനക്കാർക്കെതിരെ നടപടിയെടുക്കാനാണ് നീക്കം.

മണിപ്പൂരിൽ കലാപം രൂക്ഷമായതിന് പിന്നാലെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. മെയ്തെയ് കുക്കി വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം. കലാപത്തിൽ കൊല്ലപ്പെട്ട കുക്കി-സോ വിഭാഗക്കാർക്ക് അനുശോചനം അറിയിച്ച് കഴിഞ്ഞ ദിവസം ഗോത്ര വർഗ വിദ്യാർഥികൾ റാലി സംഘടിപ്പിച്ചിരുന്നു. കറുത്ത വസ്ത്രം ധരിച്ച ആയിരക്കണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തത്.

 

കൊല്ലപ്പെട്ടവരുടെ പ്രതീകമായി നൂറ് ശവപ്പെട്ടികളും വഹിച്ചായിരുന്നു റാലി. നാൽപതോളം സംഘടനകളും മണിപ്പൂരിൽ ക്രമസമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ എത്തിയിരുന്നു. സായുധരായ ജനക്കൂട്ടം ഭരിക്കുന്ന അവസ്ഥ വന്നതോടെ സംസ്ഥാനത്തെ ക്രമസമാധാനനില നഷ്ടപ്പെട്ടുവെന്നും സർക്കാരിന് വീഴ്ച പറ്റിയെന്നും റാലിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *