‘കോവിഡ് കാലത്ത് ആരും ബുദ്ധിമുട്ടിയില്ല’: സിഎജി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിയിൽ സിഎജി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിട്ടുണ്ടെന്നും കോവിഡ് കാലത്തെയും സാധാരണകാലത്തെയും വ്യത്യാസം കണക്കുകള്‍ കണ്ടാല്‍ മനസിലാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.Covid
‘അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ജീവൻ രക്ഷാ ഉപകരണങ്ങൾ അടിയന്തര സാഹചര്യത്തിൽ വാങ്ങണം. അതാണ് ആ ഘട്ടത്തിൽ സ്വീകരിച്ചത്. പിപിഇ കിറ്റ് ഇല്ലാതെ ആരോഗ്യപ്രവർത്തകർ മരിച്ചുവീഴുന്നത് ഊഹിക്കാൻ പോലും കഴിയില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പോലും ഓക്സിജൻ സിലിണ്ടർ ലഭിക്കാതെ വന്നു. കേരളത്തിൽ അതുണ്ടായില്ല. സിഎജി റിപ്പോർട്ട് അന്തിമമല്ല. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. കോവിഡ് കാലത്ത് ആരും ബുദ്ധിമുട്ടിയില്ല. പിപിഇ കിറ്റ് അനിവാര്യമായിരുന്നു. അടിയന്തര സാഹചര്യത്തിൽ നിന്നാണ് നടപടികളെടുത്തത്. ആവശ്യത്തിന് അവശ്യ സാധനങ്ങൾ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. എത്രകാലം കോവിഡ് നിൽക്കുമെന്ന് പോലും പ്രവചിക്കാനാകാത്ത സാഹചര്യമായിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണ് സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട്. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിട്ടുണ്ട്’ – മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയെ കരിവാരിത്തേക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്ത് ആരോഗ്യമേഖല തന്നെ വെന്റിലേറ്ററിലായിരുന്നു. അക്കാലത്ത് ആരോഗ്യമേഖല കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.