ബി.ജെ.പിയെ നേരിടാൻ ഇനി ‘ഇന്ത്യ’; വീറുറ്റ പേരുമായി പോരിനൊരുങ്ങി പ്രതിപക്ഷ സഖ്യം
ബംഗളൂരു: അടുത്ത വർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ ഒറ്റക്കെട്ടായി ‘ഇന്ത്യ’. ബംഗളൂരുവിൽ ചൊവ്വാഴ്ച ചേർന്ന 28 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വിശാല സഖ്യത്തിന് ‘INDIA’ എന്ന് പേരിടാൻ തീരുമാനമായി. ഇന്ത്യൻ നാഷനൽ ഡെമോക്രാറ്റിക് ഇൻക്ലുസിവ് അലയൻസ് എന്നതിന്റെ സംക്ഷിപ്തരൂപമാണിത്.
യോഗത്തിൽ പങ്കെടുത്ത മുഴുവൻ പാർട്ടികളും സഖ്യത്തിന്റെ പുതിയ പേരിനോട് യോജിച്ചു. നേരത്തേ, ജൂൺ 23ന് പട്നയിൽ ചേർന്ന പ്രതിപക്ഷകക്ഷികളുടെ ആദ്യയോഗമാണ് ജൂലൈ 18ന് ബംഗളൂരുവിൽ വീണ്ടും ഒന്നിച്ചിരിക്കാൻ തീരുമാനിച്ചത്. ഇക്കുറി എട്ടു പുതിയ പാർട്ടികൾ കൂടി സഖ്യത്തിന്റെ ഭാഗമാവാൻ നിശ്ചയിച്ച് യോഗത്തിലെത്തിയിരുന്നു.
‘ഇന്ത്യ’യെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് 11 അംഗ കോഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. മുംബൈയിൽ നടക്കുന്ന അടുത്ത യോഗത്തിൽ കമ്മിറ്റിയെ തെരഞ്ഞെടുക്കും.
സഖ്യത്തിന്റെ പുതിയ പേര് രാഷ്ട്രീയ ജനതാദൾ പാർട്ടിയുടെ ട്വിറ്റർ ഹാൻഡിലിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീടത് ഡിലീറ്റ് ചെയ്തു. വാർത്താ സമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് പേര് ട്വീറ്റ് ചെയ്തതിനെ തുടർന്നായിരുന്നു അത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ‘ചക്ദേ ഇന്ത്യ’ എന്ന് ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ ജനാധിപത്യം, ഭരണഘടന, വൈവിധ്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ‘ഇന്ത്യ’ എന്ന പേര് ഏറെ അനുയോജ്യമാകുമെന്നാണ് പ്രതിപക്ഷകക്ഷി നേതാക്കളുടെ വിലയിരുത്തൽ. ചിലർ ‘അലയൻസ് (സഖ്യം’ എന്ന് പേരിനൊപ്പം ചേർക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ഒടുവിൽ ഇന്ത്യ എന്ന പേര് ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. മല്ലികാർജുൻ ഖാർഗെ ‘ഇന്ത്യ’ എന്ന പേരിന്റെ സാംഗത്യം ബോധ്യപ്പെടുത്തിയതോടെ അവരും അനുകൂലിച്ചുവെന്നാണ് റിപ്പോർട്ട്.
‘ഒന്നിച്ചു പ്രവർത്തിക്കാനായി 26 പാർട്ടികൾ ബംഗളൂരുവിൽ സന്നിഹിതരായതിൽ ഞാൻ സന്തുഷ്ടവാനാണ്. ഞങ്ങളൊരുമിച്ചുനിൽക്കുമ്പോൾ, അതിൽ 11 സംസ്ഥാനങ്ങളിൽ ഭരണം നിയന്ത്രിക്കുന്നവരുണ്ട്. ബി.ജെ.പിക്ക് ഒറ്റക്ക് കിട്ടിയതല്ല അവരുടെ 303 സീറ്റുകൾ. സഖ്യകക്ഷികളുടെ വോട്ടുകളും അവർക്കൊപ്പമുണ്ടായിരുന്നു. ആ വോട്ടുകളുടെയും ബലത്തിലാണ് അവർ അധികാരത്തിലെത്തിയത്. ഭരണം കിട്ടിയശേഷം ഒപ്പമുള്ള കക്ഷികളെ തഴയുകയാണ് ബി.ജെ.പി ചെയ്തത്.
ഇപ്പോൾ ബി.ജെ.പി പ്രസിഡന്റും അവരുടെ നേതാക്കന്മാരും ആധി പിടിച്ച് സംസ്ഥാനങ്ങൾ തോറും പായുകയാണ്. പരാജയ ഭീതിയിൽ പഴയ സഖ്യകക്ഷികളുമായുള്ള ബന്ധം പുതുക്കിയെടുക്കാനാണ് ഈ ഓട്ടം. പ്രതിപക്ഷ കക്ഷികളുടെ ഐക്യം അടുത്ത വർഷം തങ്ങളെ അധികാരത്തിൽനിന്ന് പുറന്തള്ളുമെന്ന് അവർ ഭയന്നിരിക്കുന്നു. അതുകൊണ്ടാണ് ഓരോ ഭരണ സ്ഥാപനവും പ്രതിപക്ഷ കക്ഷികൾക്കെതിരായ ആയുധമായി അവർ മാറ്റിത്തീർക്കുന്നത്.
പ്രതിപക്ഷകക്ഷികളുടെ ഈ യോഗത്തിന്റെ ഉദ്ദേശ്യം ഞങ്ങൾക്കുവേണ്ടി അധികാരം പിടിച്ചെടുക്കുകയെന്നതല്ല. ഇത് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കാനുള്ള പടപ്പുറപ്പാടാണ്. നമുക്കൊരുമിച്ച് ഇന്ത്യയെ വീണ്ടും പുരോഗതിയുടെയും ക്ഷേമത്തിന്റെയും ജനാധിപത്യത്തിന്റെയും വഴികളിലേക്ക് നയിക്കാം’ -ഖാർഗെ ട്വീറ്റ് ചെയ്തു.