അയ്യപ്പന്റെയും പൂജപ്പുരേശ്വരന്‍റെയും നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി അംഗങ്ങൾ, ഒപ്പം വിവാദം



കുണ്ടറ: ദൃഢപ്രതിജ്ഞയോടൊപ്പമുള്ള ദൈവനാമത്തിന് ഇക്കുറി വകഭേദങ്ങൾ. പെരിനാട് പഞ്ചായത്തിൽ ബി.ജെ.പി. അംഗങ്ങളുടെ ഈ വിധ സത്യപ്രതിജ്ഞക്കെതിരെ കോൺഗ്രസിലെ മുൻ പഞ്ചായത്തംഗം ബി. ജ്യോതിർ നിവാസ് കലക്ടർക്ക് പരാതി നൽകി.

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തുകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരികൾ ഏറ്റവും മുതിർന്ന അംഗത്തിനും തുടർന്ന് മുതിർന്ന അംഗം മറ്റുള്ളവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

പെരിനാട് പഞ്ചായത്തിൽ ബി.ജെ.പി. അംഗങ്ങളായ ഇടവട്ടം വിനോദ് അയ്യപ്പന്റെ നാമത്തിലും ആർ. രശ്മി പൂജപ്പുരേശ്വരന്‍റെ നാമത്തിലും സത്യപ്രതിജ്ഞ എടുത്തത് വിവാദമായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ റിട്ടേണിങ് ഓഫിസറായ ജില്ല പ്ലാനിങ് ഓഫിസർ ജയഗീത മുതിർന്ന അംഗമായ കിഴക്കേ കല്ലട ഡിവിഷൻ അംഗം മായദേവിക്ക് സത്യപ്രതി‍ജ്ഞ ചൊല്ലി കൊടുത്തു.

മൺറോത്തുരുത്ത് പഞ്ചായത്തിൽ നെൻമേനി വാർഡംഗം കെ. രാധകൃഷ്ണന് വരണാധികാരിയായ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് എ.എക്സ്.ഇ രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. കിഴക്കേകല്ലട പഞ്ചായത്തിൽ ചിറ്റുമല ബ്ലോക്ക് കൃഷി അസി. ഡയറക്ടർ സോണിയ പരിച്ചേരി വാർഡംഗം പി.ടി. ഷാജിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പേരയം പഞ്ചായത്തിൽ മുതിർന്ന അംഗമായ കുമ്പളം പി.എച്ച്.സി വാർഡംഗം ജസ്പിൻകുട്ടിക്ക് വരണാധികാരിയായ കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റർ ഓഫിസർ ഷീബ തോമസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കുണ്ടറ പഞ്ചായത്തിൽ താലൂക്ക് സപ്ലൈ ഓഫിസർ സാറാമ്മ മുതിർന്ന അംഗം കുണ്ടറ വാർഡംഗം വിനോദ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പെരിനാട് പഞ്ചായത്തിൽ ജില്ല സഹകരണ ബാങ്ക് ഓഡിറ്റർ തങ്കറാണി നാന്തിരിക്കൽ വാർഡംഗം ബേബി അഗസ്റ്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊറ്റങ്കര പഞ്ചായത്തിൽ വരണാധികാരി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് എ.എക്സ്.ഇ യേശുദാസൻ മുതിർന്ന അംഗം കേരളപുരം വാർഡ് അംഗം ബീന പ്രസാദിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇളമ്പള്ളൂർ പഞ്ചായത്തിൽ ജില്ല റീസർവേ അസി. ഡയറക്ടർ ടി. ശ്രീകുമാർ പെരുമ്പുഴ വാർഡംഗം ശരത്ചന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുത്തു. മൺട്രോതുരുത്ത് പഞ്ചായത്തിൽ ചിറ്റുമല ബ്ലോക് എ.ഇ രാജേഷ് മുതിർന്ന അംഗം രാധകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു.