ഓടപ്പാഴം പുരസ്കാരം മണികണ്ഠൻ തവനൂരിന്

എടപ്പാൾ: കലാഭവൻ മണി ഫൗണ്ടേഷൻ കേരള നൽകുന്ന 2026ലെ ഓടപ്പഴം പുരസ്‌കാരത്തിന് തവനൂർ സ്വദേശിയായ മണികണ്ഠൻ തവനൂർ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 25 വർഷമായി നാടൻപാട്ട്, നാടൻ കോൽക്കളി, നാട്ടുവാദ്യങ്ങൾ, നാട്ടറിവുകൾ, നാടോടിപാട്ടുകൾ, കുറുംപാട്ടുകൾ, ചവിട്ടുകളിയും പാട്ടും തുടങ്ങിയ ജനകീയ കലാരംഗങ്ങളിൽ സജീവമായ അദ്ദേഹം സംസ്ഥാനത്തെ വിവിധ സർക്കാർ- സർക്കാറിതര സ്ഥാപനങ്ങൾക്കായി ബോധവത്കരണ കലാജാഥകൾ സംഘടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.
2006 മുതൽ കേന്ദ്ര സംഗീത നാടക അക്കാദമി ആർട്ടിസ്റ്റാണ് മണികണ്ഠൻ. കഴിഞ്ഞ ഏഴു വർഷമായി സബ്ജില്ല, ജില്ല, സി.ബി.എസ്.ഇ കേരളോത്സവം, യൂനിവേഴ്സിറ്റി കലോത്സവം എന്നിവക്ക് പരിശീലകനായും വിധികർത്താവായും അപ്പീൽ അതോറിറ്റിക്കുവേണ്ടിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2018ലെ മഹാപ്രളയത്തിനുശേഷം മുൻ ഫോക് ലോർ അക്കാദമി സെക്രട്ടറി പ്രദീപ് എഴുതിയ കർക്കിടകക്കാറുമറഞ്ഞ എന്ന ഓണപ്പാട്ടും പാടി പുറത്തിറക്കിയിട്ടുണ്ട്. 2020ൽ ചേളന്നൂർ പ്രേമൻ അന്വേഷിച്ചു കണ്ടെത്തിയ നാടോടികളിപ്പാട്ട് (അപ്പച്ചുള്ളിക്കളി) ‘തെയ്യയാവോം തെയ്യാവോം’ എന്ന പാട്ടിനും ഈണം നൽകിട്ടുണ്ട്. 2021ലെ കലാഭവൻ മണി കാലമാണിക്യ പുരസ്‌കാരം (ഫാർക് കാലിക്കറ്റ്), 2021ലെ പട്ടികജാതി ക്ഷേമസമിതി പുരസ്കാരം, 2023ലെ ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോഡ് (തുടി വാദ്യത്തിൽ), 2025 മണിമുഴക്കം പുരസ്കാരം, 2025ലെ ഗോത്രമണ്ണ് ആദരവ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി) എന്നിവ പരിഗണിച്ചാണ് ഈ വർഷത്തെ ഓടപഴം പുരസ്‌കാരത്തിന് മണികണ്ഠന്‍ തവനൂർ അർഹനായത്.
നിലവില്‍ കേരള സർക്കാര്‍ സാംസ്‌കാരിക വകുപ്പ് കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ മുഖ്യകാര്യാലയത്തിലെ ജീവനക്കാരനാണ് മണികണ്ഠന്‍.
