വളാഞ്ചേരി റീജണൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്.
ഇടുക്കി: ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസ്സിനടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ 1.15 ഓടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി റീജണൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. നാൽപതോളം പേർക്ക് പരിക്കേറ്റു. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള റോഡിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടം അറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വീതി കുറഞ്ഞ റോഡാണ് അപകടകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ റോഡിൽ വാഹനാപകടം നിത്യസംഭവമാണെന്നും ഇവർ പറഞ്ഞു.