അഭിപ്രായം നിലപാട് മാറ്റമല്ല; സര്‍ക്കാർ എല്ലാ കാലത്തും വിശ്വാസികളുടെ താല്‍പര്യത്തിനൊപ്പം- മന്ത്രി വി.എന്‍ വാസവന്‍


വി.എൻ. വാസവൻ

കോട്ടയം: സർക്കാർ എല്ലാ കാലത്തും വിശ്വാസികളുടെ താല്‍പര്യം മുന്‍നിര്‍ത്തി മുന്നോട്ടു പോകുമെന്നും ശബരിമല യുവതീപ്രവേശനത്തിലെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്നും മന്ത്രി വി.എന്‍ വാസവന്‍. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ആചാരപരമായ കാര്യത്തില്‍ പാണ്ഡിത്യമുള്ളവരായിരിക്കണം എന്ന് 2007ല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. അതേ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അഭിപ്രായമല്ല ഭരണഘടനപരമായ പ്രശ്‌നങ്ങളാണ് സര്‍ക്കാരിനോട് കോടതി ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടും സര്‍ക്കാര്‍ നിലപാടും ഒന്നാണ്. ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്. ബി.ജെ.പിയുടെ യുവ അഭിഭാഷകരാണ് യുവതീപ്രവേശനത്തിനായി കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചത്. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ബി.ജെ.പി മലക്കംമറിഞ്ഞു. ഞങ്ങള്‍ ഇക്കാര്യത്തില്‍ സുപ്രിം കോടതി വിധി മാനിക്കുന്നു എന്നാണ് പറഞ്ഞത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന് എതിരായി സര്‍ക്കാരിന് നില്‍ക്കാന്‍ കഴിയില്ല. അതേസമയം, ഇത് തീരുമാനിക്കേണ്ടത് ആചാര കാര്യത്തില്‍ പ്രാവീണ്യമുള്ളവരും സാമൂഹിക പരിഷ്‌കര്‍ത്താക്കളുമാണെന്ന് ഞങ്ങളുടെ സത്യവാങ്മൂലത്തില്‍ അന്നേ പറഞ്ഞിട്ടുണ്ട് -വാസവന്‍ പറഞ്ഞു.

ഇത്രയേറെ തിരിച്ചടി കിട്ടിയ പ്രതിപക്ഷം കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് വാസവന്‍ പറഞ്ഞു. കോടതിയില്‍ പോയി സര്‍ക്കാറിന് പ്രശംസ വാങ്ങിക്കൊടുത്തവരാണ് പ്രതിപക്ഷമെന്നും മന്ത്രി പരിഹസിച്ചു.