ഓർക്കാട്ടേരി ഷബ്‌ന മരണം: ഭർതൃമാതാവും സഹോദരിയും ഒളിവിൽ
വടകര(കോഴിക്കോട്): ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ മരണത്തിൽ ഭർതൃമാതാവും സഹോദരിയും ഒളിവിലെന്ന് പൊലീസ്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഷബ്‌നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു.
ഷബ്‌നയുടെ മരണത്തിൽ നേരത്തെ ഭർതൃമാതാവ് നഫീസയുടെ സഹോദരൻ ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം റിമാൻഡിലാണുള്ളത്. ഇതിനു പിന്നാലെയാണ് നഫീസയിലേക്കും മകൾ ഹഫ്‌സത്തിലേക്കും അന്വേഷണം നീളുന്നത്. ഇവർ ഷബ്‌നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇവർക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഷബ്‌നയുടെ മാതാവിന്റെയും പിതാവിന്റെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണദിവസം മകൾ വീട്ടിലുണ്ടായിരുന്നു. ഈ ദിവസം നടന്ന വാക്കുതർക്കങ്ങളെ കുറിച്ച് മകൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മാതാവ് വാതിലടച്ച് മുറിയിൽ കടന്ന ശേഷവും അസ്വാഭാവികത തോന്നിയിട്ടും വീട്ടുകാർ ഇടപെട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പിതാവിന്റെ ബന്ധുക്കൾ മാതാവിനെ മർദിച്ചു. മുറിയിൽ കയറി വാതിലടച്ചതോടെ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ ഒന്നും ചെയ്തില്ല. പിതാവിന്റെ അമ്മാവൻ ഹനീഫ ഉമ്മയെ അടിച്ചെന്നും അസഭ്യം പറഞ്ഞെന്നും പത്ത് വയസുകാരിയായ മകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഷബ്ന മരിക്കുന്നതിന് മുമ്പ് മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആണുങ്ങളോട് സംസാരിക്കുമ്പോൾ ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ഒരാൾ യുവതിയോട് പറയുന്നതും വിഡിയോയിലുണ്ട്.