പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: പാത്രിയാർക്കീസ് ബാവയെ സഭാ ആസ്ഥാനമായ ദേവലോകം അരമനയിലേക്ക് ക്ഷണിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. പാത്രിയാർക്കീസ് ബാവയും കാതോലിക്ക ബാവയും ഒരു മേശക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്താൽ പ്രശ്നങ്ങൾ തീരുമെങ്കിൽ അതിനെ സന്തോഷത്തോടെ കാണുന്നതായും സഭ മാധ്യമവിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, പ്രശ്നബാധിത പള്ളികളിലേക്ക് പോകാനൊരുങ്ങുന്നത് വീണ്ടും സംഘർഷങ്ങൾക്ക് കാരണമാകും. ഇരുകൂട്ടർക്കിടയിലും മുറിവുകളും വേദനകളുമുണ്ടായിട്ടുണ്ട്. മുറിവുകളുണക്കി ശാശ്വാത സമാധാനം പുലരണമെന്നാണ് സഭയുടെ സ്വപ്നം. ഐക്യത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ആഹ്വാനം സ്വാഗതാർഹമാണ്. മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച മലങ്കരസഭയിൽ യോജിപ്പുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ പരാമർശം ജനം കൈയടിയോടെയാണ് സ്വീകരിച്ചപ്പോൾ, വേദിയിലിരുന്ന സഭ നേതാക്കൾ ക്രിയാത്മകമായി പ്രതികരിച്ചില്ല.
പാത്രിയാർക്കീസ് ബാവയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില് ഞായറാഴ്ച മണർകാട് പള്ളിയിൽ നടക്കാൻ പോകുന്നത് സർക്കാർ സ്പോൺസേഡ് നിയമ ലംഘനമാണ്. 2017ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില് മാത്രമായിരിക്കണം പാത്രിയാർക്കീസിന്റെ സന്ദർശനമെന്നും നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ഡി.ജി.പിക്ക് കോടതി നിർദേശം നല്കിയത്. മണർകാട് പള്ളിയിൽ അദ്ദേഹം കയറുന്നതും കുർബാന അർപ്പിക്കുന്നതും സുപ്രീംകോടതി വിധിക്കെതിരാണ്.
മുഖ്യമന്ത്രിയിലും സർക്കാറിലുമുള്ള പ്രതീക്ഷ നഷ്ടപെട്ടിട്ടില്ലന്നും സമാധാനത്തിനുവേണ്ടി ഏത് ചർച്ചക്കും സഭ തയാറാണന്നും മെത്രാപ്പോലീത്ത പറഞ്ഞു. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
യാക്കോബായ സഭയും വലതുചേരിയിലേക്ക്
കോലഞ്ചേരി: പതിറ്റാണ്ടുകൾ നീണ്ട ഇടത് ബാന്ധവത്തിൽനിന്ന് മാറി, യാക്കോബായ സഭ വലതുചേരിയിലേക്ക്. സഭാ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയെ പങ്കെടുപ്പിച്ച് സഭ ആസ്ഥാനത്ത് നടത്തിയ മഹാസമ്മേളനത്തോടെയാണ് ഇക്കാര്യം മറനീക്കിയത്.
സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനടക്കം യു.ഡി.എഫിലെ പ്രമുഖ ജില്ല-സംസ്ഥാന നേതാക്കളെല്ലാമെത്തിയപ്പോൾ ഇടത് പ്രാതിനിധ്യമുണ്ടായില്ല. ഇതോടൊപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ സാന്നിധ്യം ശ്രദ്ധേയവുമായി. അന്തരിച്ച ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കാലം മുതൽ സഭ പരോക്ഷമായി സി.പി.എമ്മിനോട് ചേർന്നാണ് പോയിരുന്നത്. ഇടവേളകളിലുണ്ടായിരുന്ന പള്ളിത്തർക്കങ്ങളിൽ എറണാകുളം ജില്ലയിലടക്കം ഈ ബന്ധം സഭക്ക് ഗുണകരവുമായി. പിണറായി വിജയൻ സി.പി.എം സെക്രട്ടറിയായതോടെ ബന്ധം കൂടുതൽ ദൃഢമായി. പിന്നീട് മുഖ്യമന്ത്രിയായപ്പോഴും ബന്ധം തുടർന്ന സഭ, പല പരിപാടികളിലേക്കും അദ്ദേഹത്തെ ക്ഷണിച്ചു.
2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി സഭാവിശ്വാസികളുടെ സംസ്കാര ചടങ്ങുകൾക്ക് പോലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ സെമിത്തേരി ബിൽ പാസാക്കി പ്രതിസന്ധി മറികടന്നത്. ഇടവകകളിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയോടു കൂടിയ ഫ്ലക്സ് വെച്ചാണ് അന്ന് സഭ സർക്കാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. എന്നാൽ, സഭാതർക്ക പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് ചർച്ച് ബിൽ നടപ്പാക്കാനുള്ള നീക്കം നിലച്ചതോടെയാണ് യാക്കോബായ വിശ്വാസികളിൽ ഇടത് വിരുദ്ധത സജീവമായത്.
ശ്രേഷ്ഠ ബാവയുടെ അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ നൽകിയ ഉറപ്പു പാലിക്കാതിരുന്നതും വിശ്വാസികളിൽ അതൃപ്തി വളർത്തി. ഇതിനിടെ സഭയിൽ വന്ന നേതൃമാറ്റവും രാഷ്ട്രീയ നിലപാടുകളിൽ മാറ്റംവരുത്തിയെന്നാണ് സൂചന. എന്നാൽ, സഭക്ക് പ്രത്യേക രാഷ്ട്രീയ നിലപാടുകളൊന്നുമില്ലെന്നും സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുമെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
