യൂറോളജി വകുപ്പിൽ നിന്ന് കാണാതായത് ഓസിലോ സ്‌കോപ്പ്; ഡോ. ഹാരിസിനെ വെട്ടിലാക്കുന്ന പുതിയ ആരോപണവുമായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ വെട്ടിലാക്കുന്ന പുതിയ ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതായെന്ന് ഉപസമിതി കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണത്തിൽ കാര്യങ്ങൾ കണ്ടെത്താനായില്ലെങ്കിൽ പൊലീസ് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം യൂറോളജി വകുപ്പിൽ നിന്ന് കാണാതായത് ഓസിലോസ്കോപ്പ് ഉപകരണമാണ്.20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം.ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതാണ് ഉപകരണം. യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുണ്ട്. ഉപകരണങ്ങൾ സംബന്ധിച്ച കാര്യത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
അതേസമയം, ഡോ. ഹാരിസ് ചിറക്കലിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിയെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. പെരുമാറ്റ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതൊരു നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു.