പി.സി. ജോർജിനും മകനുമെതിരെ പാലാബിഷപ്പ്: ‘മാന്യതയുടെ അതിർവരമ്പ് ഭേദിക്കുന്നു, ഭീഷണി സ്വരം വിലപ്പോകില്ല’
പാലാ: ബി.ജെ.പി നേതാവ് പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. സഭയെ ഭീഷണിപ്പെടുത്താമെന്ന് ആരും കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. മതനേതാക്കന്മാരെ കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിക്കുന്നത് കേൾക്കുന്നുണ്ടെന്നും ഭീഷണി സ്വരം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആരായാലും മാന്യമായി സംസാരിക്കണം. ചിലർ മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിക്കുന്നു. ചാനലുകൾക്ക് വേണ്ടി മോശം ഭാഷയിൽ സംസാരിക്കരുത്. എല്ലാം കണ്ടു മിണ്ടാതിരിക്കണമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കില്ല. മിണ്ടാപ്രാണികൾ ആയിരിക്കണം എന്നാ പറയുന്നതിന്റെ അർത്ഥം. അത് ഈ റിപ്പബ്ലിക് ഡെമോക്രസിയിൽ നടക്കുമെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ വളരെയേറെ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്.
പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെ കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിക്കുന്നത് നമ്മുടെ ഈ നാടുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഞാൻ ആരെക്കുറിച്ചും പ്രത്യേകമായി എടുത്തു പറയുകയല്ല. ആരാണെങ്കിലും, മതനേതാക്കന്മാർക്ക് നേരെ മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അത് മാനിക്കാതെ നമ്മൾ സംസാരിക്കുന്നത് വലിയ തെറ്റാണ്. ചാനലുകൾക്ക് വേണ്ടി മാത്രം നമ്മൾ സംസാരിക്കരുത്. നമുക്കൊരു ചാനൽ ഭാഷയും കൈയ്യടിയുംസൃഷ്ടിക്കണം എന്ന കാര്യത്തിനുവേണ്ടി മാത്രം മുമ്പോട്ടു പോകുന്നത് ശരിയല്ല. ഭീഷണിയുടെ സ്വരം വിലപ്പോകില്ല.അത് നമ്മൾ തിരിച്ചറിയണം. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.
രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നത് എന്നും സഭ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്ട്രീയ നേതാക്കന്മാരാണ് നമ്മുടെ രൂപതയിൽ നിന്ന് വളർന്നു വന്നത്. അതെല്ലാം നമുക്ക് സന്തോഷമാണ്. നമുക്ക് തൃപ്തിയാണ്. അവരുവഴി നമുക്ക് നിരവധിയായ അനുഗ്രഹങ്ങൾക്ക് കിട്ടിയിട്ടുണ്ട്. സഗൗരവം ആശയങ്ങൾ നിരത്തി സഭയിലൂടെ ആണ് അവർ വളർന്നത്. അവരുടെ ആശയങ്ങൾ വഴി ഈ രാജ്യത്തെ വളർത്താനാണ് അവർ ശ്രമിക്കേണ്ടത്’ -ബിഷപ്പ് പറഞ്ഞു.
കഴിഞ്ഞ ദിവസം പി.സി ജോർജും ഷോൺ ജോർജും സഭക്കും സഭ മുഖപത്രമായ ദീപികക്കുമെതിരെ നടത്തിയ അധിക്ഷേപങ്ങൾക്കാണ് ബിഷപ്പിന്റെ മറുപടി. തങ്ങളെ കൈവിട്ടാൽ തങ്ങളും സഭയെ കൈവിടുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയിരുന്നു.
