നക്ബ വാർഷിക ദിനത്തിൽ വീണ്ടും കുടിയറക്കൽ ഭീഷണിയിൽ ഫലസ്തീനികൾ

Nakba

ഗസ്സ: ഭയപ്പെടുത്തുന്ന സംഭവങ്ങൾ ആളുകൾ അനുസ്മരിക്കുന്നത് അത് വീണ്ടും ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ്. ഹോളോകോസ്റ്റ്, റുവാണ്ടയിലെയും സെർബിയയിലെയും വംശഹത്യ, 1948ൽ ഫലസ്തീനികളെ വംശീയ ഉന്മൂലനം നടത്തിയ നക്ബ തുടങ്ങിയവയെല്ലാം ആളുകൾ ഓർക്കുന്നത് അത്തരത്തിലാണ്. എന്നാൽ നക്ബ ഫലസ്തീനികൾക്ക് ഓർമയല്ല, നക്ബയുടെ 77-ാം വാർഷികമായ ഇന്നും ഫലസ്തീനികൾ മറ്റൊരു നക്ബയുടെ ഭീഷണിയിലാണ്. 1948 മേയ് 15നാണ് 7,50,000 ഫലസ്തീനികളെ ഇസ്രായേൽ ജനിച്ച മണ്ണിൽ നിന്ന് പുറത്താക്കിയത്. Nakba

1947 അവസാനത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 181-ാം പ്രമേയത്തിലൂടെ ഫലസ്തീനെ അറബ്-ജൂത രാഷ്ട്രങ്ങളായി വിഭജിച്ചത്. ഫലസ്തീനികളുടെ മണ്ണ് കവർന്നെടുത്ത് സിയോണിസ്റ്റുകൾക്ക് നൽകാനുള്ള നീക്കത്തെ അറബ് ലോകം ശക്തമായി എതിർത്തു.

1948 മാർച്ച് 10ന് സിയോണിസ്റ്റ് പാരാമിലിട്ടറി ഗ്രൂപ്പുകൾ ഫലസ്തീനികളെ വംശീയ ഉന്മൂലനം നടത്താൻ പദ്ധതി തയ്യാറാക്കി. ഒരു മാസം കഴിഞ്ഞ് ദെയ്ർ യാസിൻ ഗ്രാമത്തിൽ സിയോണിസ്റ്റ് സൈനികർ 100 ഫലസ്തീനികളെ കൊലപ്പെടുത്തി. പുരുഷൻമാരും സ്ത്രീകളും കുട്ടികളുമെല്ലാം കൊല്ലപ്പെട്ടു. ഫലസ്തീനികളെ ഭയപ്പെടുത്തി ഓടിക്കാൻ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലകളിൽ ഒന്നായിരുന്നു ഇത്. പതിറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലിനും അധിനിവേശത്തിനും ശേഷം 2023 അവസാനത്തിലും ലികുഡ് പാർട്ടി നേതാവ് കാൽനർ അടക്കമുള്ള സിയോണിസ്റ്റ് നേതാക്കൾ ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുകയാണ്.

ഫലസ്തീനികൾ വീണ്ടുമൊരു കുടിയിറക്കലിന്റെ ഭീഷണിയിൽ നിൽക്കുമ്പോഴാണ് നക്ബ വാർഷികം എത്തുന്നത്. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പൂർണമായും ഒഴിപ്പിക്കുമെന്നാണ് മേയ് അഞ്ചിന് ചേർന്ന യുദ്ധ ക്യാബിനറ്റിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചത്. ഇതിനായി തീവ്ര യുദ്ധം ആരംഭിക്കുമെന്നും ആയിരക്കണക്കിന് റിസർവ് സൈനികരെ രംഗത്തിറക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു.

2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ വംശഹത്യയിൽ 52,000 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. നക്ബയുടെ വാർഷികദിനമായ ഇന്ന 115 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. രണ്ട് മാസത്തിലധികമായി തുടരുന്ന ഇസ്രായേലിന്റെ സമ്പൂർണ ഉപരോധത്തെ തുടർന്ന് ഗസ്സയിലെ ജനങ്ങൾ കടുത്ത പട്ടിണിയിലാണ്. ഫലസ്തീനികളെ പട്ടിണിക്കിട്ടും ബോംബ് വർഷിച്ചും വംശീയ ഉന്മൂലനം നടത്താനുള്ള ശ്രമത്തിലാണ് ഇസ്രായേൽ ഭരണകൂടം. അതിനിടെയാണ് വീണ്ടുമൊരു നക്ബ വാർഷികം കൂടി കടന്നുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *